അനുപമയ്ക്ക് ആശ്വാസം; കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിയ്ക്ക് കുടുംബ കോടതി താൽക്കാലിക സ്റ്റേ

തിരുവനന്തപുരം: അനുപമയ്ക്ക് ആശ്വാസം. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടി തിരുവന്തപുരം കുടുംബ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരും ശിശുക്ഷേമ സമിതിയും അനുപമയ്ക്ക് ഒപ്പമുള്ള നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

ദത്ത് നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് സർക്കാരും ശിശുക്ഷേമ സമിതിയും കോടതിയിൽ ഉന്നയിക്കുകയും ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. സർക്കാർ ഹർജി പരിഗണിച്ചാണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്. ആന്ധ്രാ സ്വദേശികളായ ദമ്പതികൾക്കാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയിരിക്കുന്നത് എന്നാണ് സൂചന.

കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമർപ്പിക്കപ്പെട്ടതാണോ എന്ന് കാര്യത്തിൽ വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു. ഉപേക്ഷിക്കപ്പെട്ടത് എന്നാണ് ശിശുക്ഷേമ സമിതി അറിയിച്ചിരുന്നത്.

കുഞ്ഞിനെ ഉപേക്ഷിക്കച്ച താണോ സമർപ്പിക്കപ്പെട്ടതാണോ എന്ന കാര്യത്തിലാണ് പ്രധാന തർക്കമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതിൽ വ്യക്തത വരുന്നതുവരെ ദത്തെടുക്കൽ താൽക്കാലികമായി നിർത്തിവെക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, കുഞ്ഞിന്റെ അമ്മ അനുപമയാണെന്ന് വ്യക്തത വരുത്തേണ്ടതുണ്ടെങ്കിൽ അതിന് ഡി.എൻ.എ. പരിശോധന ആവശ്യമാണ്. അത് ആവശ്യമെങ്കിൽ നടത്തേണ്ടി വരുമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. കുഞ്ഞിന്റെ ദത്ത് നടപടികൾ പൂർത്തീകരിച്ചുകൊണ്ട് അന്തിമ ഉത്തരവ് കോടതി ഇന്ന് പുറപ്പെടുവിക്കേണ്ടതായിരുന്നു. എന്നാൽ അപ്പോഴാണ് സർക്കാർ അനുപമയ്ക്കു വേണ്ടി ഇടപെടുകയും ഹർജി സമർപ്പിക്കുകയും ചെയ്തത്.