കള്ളത്തരങ്ങളില്‍ വീഴരുത്; നഗരസഭയുടെ നികുതിയെന്ന പേരില്‍ തട്ടിപ്പുകള്‍ വ്യാപകം; കരുതിയിരിക്കാൻ മേയറുടെ നിർദ്ദേശം

തിരുവനന്തപുരം: നഗരസഭയുടെ പേരില്‍ നടക്കുന്ന വ്യാജ നികുതികളില്‍ വീണു പോകരുതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. സ്പോര്‍ട്സ് ടര്‍ഫുകളില്‍ നിന്നും ചില സാമൂഹ്യവിരുദ്ധര്‍ പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും നഗരസഭ അത്തരത്തില്‍ ടര്‍ഫുകള്‍ക്ക് മേല്‍ യാതൊരു നികുതിയും ഫീസുകളും നിശ്ചയിച്ചിട്ടില്ലെന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

‘തിരുവനന്തപുരം നഗരസഭയുടെ പേരില്‍ സ്പോര്‍ട്സ് ടര്‍ഫുകളില്‍ നിന്നും ചില സാമൂഹ്യവിരുദ്ധര്‍ പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ലൈസന്‍സ് , നികുതി, രജിസ്ട്രേഷന്‍ എന്നൊക്കെ പറഞ്ഞാണ് ഇവര്‍ ടര്‍ഫ് ഉടമകളില്‍ നിന്ന് പണം ആവശ്യപ്പെടുന്നത്. നഗരസഭ ഇത്തരത്തില്‍ ടര്‍ഫുകള്‍ക്ക് മേല്‍ യാതൊരു നികുതിയും ഫീസുകളും നിശ്ചയിച്ചിട്ടില്ല. ടര്‍ഫുകളുടെ നികുതി സംബന്ധിച്ച നിര്‍ദ്ദേശങ്ങളും വിശദമായ ബൈലോയും തയാറാക്കി വരുന്നതേയുള്ളൂ’, മേയര്‍ പറഞ്ഞു.

‘മേല്‍പ്പറഞ്ഞ നികുതികളില്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനങ്ങള്‍ എടുത്തിട്ടില്ല. അതുകൊണ്ട് ഇത്തരം വ്യാജന്മാരുടെ പണപ്പിരിവിനെതിരെ നഗരവാസികള്‍ ജാഗ്രത പുലര്‍ത്തണം. ഇത്തരക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ നഗരസഭയില്‍ ഉടന്‍ തന്നെ അറിയിക്കണം. ഇവര്‍ക്കതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതാണ്,’ മേയര്‍ അറിയിച്ചു.