കുറ്റിപ്പുറം: മാര്‍ക്ക് ലിസ്റ്റ് ലഭിച്ചിട്ടും വീണ്ടും പരീക്ഷയെഴുതാന്‍ ആവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല. ബി.ടെക് വിദ്യാര്‍ഥിയായ തവനൂര്‍ മുവ്വാങ്കര സ്വദേശി അശ്വിന് രാജിനാണ് ഈ ദുരനുഭവം. 2017ലാണ് വിദ്യാര്‍ഥി അഞ്ചാം സെമസ്റ്ററിലെ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയത്.തുടര്‍ന്ന് 2018ല്‍ അഞ്ചാം സെമസ്റ്ററിലെ മുഴുവന്‍ പരീക്ഷകളും വിജയിച്ചതിന്റെ മാര്‍ക്ക് ലിസ്റ്റ് സര്‍വകലാശാല അയച്ചു നല്കി. എന്നാല്‍, ഇനിയും രണ്ട് പരീക്ഷകള്‍ കൂടി വിജയിക്കാനുണ്ടെന്നും വീണ്ടും എഴുതണമെന്നുമാണ് സര്‍വകലാശാല അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
ഡാറ്റ എന്‍ട്രിയില്‍ വന്ന പിശകാണെന്നായിരുന്നു ആദ്യം അധികൃതരുടെ മറുപടിയെന്ന് അശ്വിന് രാജ് പറയുന്നു. തെറ്റ് തിരുത്തി നല്‍കാനാണെന്ന് പറഞ്ഞ് ഒറിജിനില്‍ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ എട്ടിന് മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ചെങ്കിലും പിന്നീട് ബന്ധപ്പെട്ടപ്പോള്‍ ഒരു പ്രതികരണവുമുണ്ടായില്ലെന്ന് വിദ്യാര്‍ഥി പറഞ്ഞു.
ഒടുവില്‍ അഞ്ചാം സെമസ്റ്റര്‍ പരീക്ഷക്ക് വീണ്ടും അപേക്ഷിക്കേണ്ട അവസാന ദിവസമാണ്, സമര്‍പ്പിച്ച മാര്‍ക്ക് ലിസ്റ്റ് മടക്കി നല്‍കാനാവില്ലെന്നും വീണ്ടും പരീക്ഷയെഴുതണമെന്നും അറിയിക്കുന്നത്.
ഇൻ്റെണല്‍ ഇംപ്രൂവ്മെന്റും മോഡറേഷനും കൂടി ചേര്‍ന്നാണ് അഞ്ചാം സെമസ്റ്ററിലെ രണ്ട് വിഷയങ്ങളില്‍ വിജയിച്ചത്. ഇക്കാര്യം മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.ഇൻ്റെണല്‍ ഇംപ്രൂവ്മെന്റില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പരീക്ഷ കണ്ട്രോളര് പറയുന്നത്. എന്നാല്‍, എന്തിനാണ് മുഴുവന്‍ പരീക്ഷകളും വിജയിച്ച മാര്‍ക്ക് ലിസ്റ്റ് നല്‍കിയതെന്നാണ് ചോദ്യം.