വീണ് പരിക്കേറ്റ അസം സ്വദേശിക്കായി 72 മണിക്കൂറില്‍ 3600 കിലോമീറ്റര്‍ താണ്ടി എമര്‍ജന്‍സി റസ്ക്യൂ ടീം

ആലപ്പുഴ: അപകടത്തില്‍ പരിക്കേറ്റ രോഗിയെയും വഹിച്ച്‌ 72 മണിക്കൂര്‍ കൊണ്ട് 3600 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്‌ ആസാമില്‍ എത്തിച്ച്‌ എമര്‍ജന്‍സി റസ്ക്യൂ ടീം പ്രവര്‍ത്തകര്‍. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ ആസാം സ്വദേശിയായ 18 കാരനെ 3 ദിവസം കൊണ്ട് 3600 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു സ്വദേശത്ത് എത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു പരിക്കേറ്റ യുവാവ്.

ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യൂ ടീം പ്രവര്‍ത്തകരും മെഡിബീറ്റ്സ് എമര്‍ജന്‍സി സര്‍വീസ് ഹരിപ്പാട് ആംബുലന്‍സ് ഡ്രൈവര്‍മാരുമായ അനൂപ് മോഹനന്‍, അപ്പു രാഹുല്‍, സബിന്‍ പുളുക്കിഴ് എന്നിവരാണ് ദൗത്യം ഏറ്റടുത്ത് വിജയിപ്പിച്ചത്. രാത്രിയും പകലും ഒരേ പോലെ വാഹനം ഓടിച്ചാണ് ഇവര്‍ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നത്. തിങ്കളാഴ്ച രാവിലെ 11.30 ന് പുറപ്പെട്ട ഇവര്‍ വ്യാഴാഴ്ച രാവിലെ 11.15 ന് അസം നാഗയോണ്‍ ജില്ലയിലെ സിംഗരി ബസാറില്‍ എത്തുകയായിരുന്നു.