സുരക്ഷ ശക്തം; ഇൻ്റർനെറ്റ് വിഛേദിച്ചു; അമിത് ഷാ ഇന്ന് കശ്മീരിൽ

ശ്രീനഗർ: മൂന്നുദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച ജമ്മുകശ്മീരിലെത്തും. കശ്മീരിൽ തുടർച്ചയായുണ്ടാവുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം. ജമ്മുകശ്മീരിലെ സുരക്ഷാ അവലോകന യോഗങ്ങളിൽ ഷാ പങ്കെടുക്കും. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായും കേന്ദ്ര സായുധ സേനയിലെ ഉദ്യോഗസ്ഥരുമായും ഷാ കൂടിക്കാഴ്ച നടത്തും.

ആഭ്യന്തര സെക്രട്ടറി എ.കെ. ഭല്ല, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ സേനാമേധാവികൾ, രഹസ്യാന്വേഷണ ഏജൻസി തലവന്മാർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടാവും. 2019 ഓഗസ്റ്റിൽ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷം ആദ്യമായാണ് അമിത്ഷാ ജമ്മുകശ്മീരിലെത്തുന്നത്.

സന്ദർശനത്തിനു മുന്നോടിയായി ശ്രീനഗർ, ജമ്മു നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നഗരങ്ങളിൽ പ്രത്യേക ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. കശ്മീരിലെ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പോലീസ് നടപടികൾക്കുപിന്നിൽ കേന്ദ്രമന്ത്രിയുടെ സന്ദർശനവുമായി ബന്ധമില്ലെന്നും സാധാരണ ഭീകരവിരുദ്ധ നടപടികളുടെ ഭാഗമാണിതെന്നും കശ്മീർ സോൺ ഐ.ജി.പി. വിജയ് കുമാർ ട്വീറ്റ് ചെയ്തു. എന്നാൽ, രേഖകൾപോലും പരിശോധിക്കാതെ തങ്ങളുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുന്നതായും ഇത്തരം നടപടികൾ ഹോം ഡെലിവറി മേഖലയെ സാരമായി ബാധിച്ചതായും തൊഴിലാളികൾ ആരോപിച്ചു.

ഷായുടെ ത്രിദിനസന്ദർശനത്തിൽ ഉദ്ദംപുരിയിലെയും ഹന്ദ്വാരയിലെയും രണ്ട് പുതിയ സർക്കാർ മെഡിക്കൽ കോളേജുകളുടെ ശിലാസ്ഥാപനം, ശ്രീനഗർ-ഷാർജ വിമാന ഫ്ലാഗ് ഓഫ്, ജമ്മു മെഗാറാലിയിലെ അഭിസംബോധന, ഐ.ഐ.ടി. ബ്ലോക്ക് ഉദ്ഘാടനം എന്നിവയും ഉൾപ്പെടുന്നു.