ഹണിട്രാപ്പില്‍ പൊലീസ് ഉദ്യോഗസ്ഥരെ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസ്; അശ്വതിയ്ക്ക് ജാമ്യം നിഷേധിച്ച്‌ കോടതി

തിരുവനന്തപുരം: ഹണിട്രാപ്പില്‍ കേരളാ പൊലീസ് ഉദ്യോഗസ്ഥരെ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി അശ്വതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല. പൊലീസുദ്യോഗസ്ഥരുമായുള്ള സംഭാഷണമടങ്ങിയ പെന്‍ഡ്രൈവും അശ്വതിയെ തുണച്ചില്ല. പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതെന്നും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിലയിരുത്തിയാണ് തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചത്.

അന്വേഷണം പുരോഗമിക്കുന്ന കേസില്‍ പ്രതിയെ മുന്‍കൂര്‍ ജാമ്യം നല്‍കി സ്വതന്ത്രയാക്കിയാല്‍ സാക്ഷികളെ ബ്ലാക്ക് മെയില്‍ ചെയ്ത് മൊഴി തിരുത്തിക്കാന്‍ സാധ്യതയുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യമെന്ന ക്രിമിനല്‍ നടപടി ക്രമത്തിലെ വിവേചനാധികാരമായ വകുപ്പ് 438 ന്റെ അനുകൂല്യത്തിന് പ്രതിക്ക് അര്‍ഹതയില്ലെന്നും വിലയിരുത്തിയാണ് ജഡ്ജി മിനി.എസ്.ദാസ് മുന്‍കൂര്‍ ജാമ്യം നിരസിച്ചത്.