തൊടുപുഴ: ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നതിനെത്തുടര്‍ന്ന് ഇടുക്കി ജലസംഭരണിയില്‍ നേരിയ തോതില്‍ താഴ്ന്ന ജലനിരപ്പ് വീണ്ടും ഉയര്‍ന്നിരുന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതും ഡാമില്‍ ഒഴുകിയെത്തുന്ന വെള്ളത്തിന്റ അളവ് വര്‍ധിച്ചതുമാണ് കാരണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. റൂള്‍ കര്‍വ് അനുസരിച്ചാണ് അലര്‍ട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഡാമില്‍ നിലവില്‍ ജലനിരപ്പ് 2398.30 അടി ആണ്.
ബുധനാഴ്ച വൈകീട്ട് ജലനിരപ്പ് താഴ്ന്നെങ്കിലും വ്യാഴാഴ്ച രാവിലെ മുതല്‍ ഉയരുകയായിരുന്നു. ജലനിരപ്പ് 2398.08 അടിയില്‍ എത്തിയതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച ചെറുതോണി ഡാമിന്റ മൂന്ന് ഷട്ടറുകള്‍ 35 സെ.മീ. വീതം ഉയര്‍ത്തിയത്. മിനിറ്റില്‍ 60 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. കാലാവസ്ഥവകുപ്പിന്റെ ഗ്രീന്‍ അലര്‍ട്ട് മാറുന്നതും മഴ കുറയുന്നതും നോക്കി ഷട്ടര്‍ അടക്കുകയോ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറക്കുകയോ ചെയ്യും.
ഷട്ടര്‍വഴി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനൊപ്പം വൈദ്യുതോല്പാദനം പരമാവധി വര്‍ധിപ്പിച്ചും ജലനിരപ്പ് 2395 അടിയില്‍ എത്തിക്കാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ ആലോചനയില്ലെന്നും തല്ക്കാലം നിലവിലെ സ്ഥിതി തുടരുമെന്നും ,വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇടമലയാര്‍, പമ്പ അണക്കെട്ടുകളില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറക്കാന്‍ തീരുമാനിച്ചു. ഇടമലയാറില്‍ ബ്ലൂ അലര്‍ട്ടില്‍ നിന്ന് താഴെ എത്തിയ സാഹചര്യത്തിലാണ് രണ്ട് ഷട്ടറുകള്‍ 80 ല്‍ നിന്ന് 50 സെന്റിമീറ്ററാക്കി താഴ്ത്തിയത്. പമ്പയില്‍ രണ്ട് ഷട്ടറുകള്‍ 45ല്‍ നിന്ന് 30 സെന്റിമീറ്റായി കുറക്കും. കക്കിയില്‍ രണ്ട് ഷട്ടറുകള്‍ 60 സെൻ്റിമീറ്റര്‍ വീതം തുറന്നിരുന്നത് തുടരും.
ബാണാസുരസാഗര്‍ സംഭരണിപ്രദേശത്ത് മഴയുടെ തീവ്രത കുറവാണ്. മഴക്കനുസരിച്ച് റിസര്‍വോയറിന്റെ കാര്യത്തില്‍ നടപടി എടുക്കും. കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്, വിവിധ മഴ സാധ്യതാ പ്രവചനങ്ങള്‍ എന്നിവ അനുസരിച്ച് അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് സംസ്ഥാന റൂള്‍ കര്‍വ് കമ്മിറ്റിയുടെ അനുമതിയോടെ പുനഃക്രമീകരിക്കും. ഇടുക്കി, ഇടമലയാര്‍, കക്കി, മാട്ടുപ്പെട്ടി, പൊന്മുടി, പമ്പ, പെരിങ്ങല്‍കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, കല്ലാര്‍ എന്നിവയില്‍ നിന്നാണ് ജലം ഒഴുക്കിവിടുന്നത്.
ഇതിനിടെ, മഴയുടെ ശക്തി കുറഞ്ഞെങ്കിലും വൃഷ്ടി പ്രദേശത്തു നിന്നുള്ള നീരൊഴുക്കിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.30 അടിയായി ഉയര്‍ന്നു.142 അടിയാണ് സംഭരണശേഷി. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 3916 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 1867 ഘനയടി ജലം തുറന്നുവിട്ടിട്ടുണ്ട്.