മഴക്കെടുതിയും ലോക്ഡൗണ്‍ പ്രതിസന്ധിയും; ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മോറട്ടോറിയം

തിരുവനന്തപുരം: മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കൊറോണ ലോക്ഡൗണും കണക്കിലെടുത്ത് ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കര്‍ഷകരും, മത്സ്യത്തൊഴിലാളികളും, ചെറുകിട കച്ചടവടക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഹൗസിംഗ് ബോര്‍ഡ്, കോ ഓര്‍പ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗസില്‍ പോലുള്ള സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, സഹകരണ ബാങ്കുകള്‍, റവന്യൂ റിക്കവറി ആക്‌ട് 1968 ലെ 71-ാം വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത കാര്‍ഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃഗസംരക്ഷണ വായ്പകള്‍ക്ക് ഇത് ബാധകമാകും.

ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, എന്‍.ബി.എഫ്.സി, എം.എഫ്.ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളിലെ ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മോറട്ടോറിയം ദീര്‍ഘിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.