പെരിന്തല്‍മണ്ണയില്‍ ഉരുള്‍ പൊട്ടി; അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കരിങ്കല്ലത്താണി: പെരിന്തല്‍മ്മണ്ണക്ക്​ സമീപം താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കലില്‍ മുക്കില പറമ്പിന്‍റെ മുകളിലുള്ള മലങ്കട മലയയിലും ബിടാവുമലയിലും ഉരുള്‍ പൊട്ടി. അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

ബുധനാഴ്​ച രാത്രി ഏഴോടെയാണ്​ സംഭവം. പല വീടുകളുടെയും മതിലുകള്‍ തകര്‍ന്നിട്ടുണ്ട്. മാട്ടറ യുപി സ്കൂളില്‍ ക്യാമ്പ് തുറന്നു. ഇവിടെ ഏതാനും കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട് . ചെങ്കുത്തായ മലയില്‍ നിന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ എസ്റ്റേറ്റ് റോഡ് തകര്‍ന്ന നിലയിലാണ്. ഇതേതുടര്‍ന്ന് ഉരുള്‍പൊട്ടല്‍ നടന്ന ഭാഗത്തേക്ക് എത്തിപ്പെടല്‍ ദുഷ്കരമായിരിക്കുകയാണ്.

താഴെ ഭാഗത്തും ഇരു ഭാഗങ്ങളിലും ഉള്ള കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ആളപായമൊന്നുമല്ല. കല്ലും മണ്ണും വെള്ളവും മുകളില്‍ നിന്നും കുത്തിയൊലിച്ചെത്തി. മാട്ടറയില്‍ റോഡ് കവിഞ്ഞു വെള്ളം ഒഴുകിയതോടെ പ്രദേശം ഏറെ നേരത്തിനു ഒറ്റപ്പെട്ടു.

2019 ല്‍ ബിടാവുമലയില്‍ ഉരുള്‍പൊട്ടിയിരുന്നു. അന്ന് മാട്ടറ എ.യു.പി സ്കൂള്‍, മലങ്കട മദ്രസ, വെള്ളപ്പാറ സെന്റ് ജോര്‍ജ് ചര്‍ച്ച്‌ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. കാര്യവട്ടം അലനല്ലൂര്‍ റോഡില്‍ തേലക്കാട് ഭാഗത്തും റോഡില്‍ വെള്ളം കയറി ഗതാഗതം താറുമാറായി.