നിര്‍മ്മാണത്തില്‍ ക്രമക്കേട്: കെഎസ്‌ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോ നിർമ്മാണങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസി സിവില്‍ വിഭാഗം മേധാവിയും ചീഫ് എന്‍ജിനീയറുമായ ആര്‍. ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

കെഎസ്‌ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിര്‍മ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് ഇന്ദുവിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

കോടികളുടെ സാമ്പത്തിക തിരിമറി ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയിരുന്നു. നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ചീഫ് എഞ്ചിനീയറെ സസ്പെന്‍റ് ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ധനകാര്യ പരിശോധനാ വിഭാഗത്തിൻ്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കെഎസ്‌ആര്‍ടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ നിര്‍മാണത്തില്‍ സര്‍ക്കാരിനുണ്ടായ 1.39 കോടി രൂപയുടെ നഷ്ടം ചീഫ് എഞ്ചിനീയര്‍ ആര്‍ ഇന്ദുവില്‍ നിന്ന് ഇടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കെഎസ്‌ആര്‍ടിസില്‍ അന്വേഷണം നടത്തിയ ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടില്‍ ചീഫ് എഞ്ചിനീയറായ ആര്‍ ഇന്ദു നടത്തിയ എട്ട് അഴിമതികളും ക്രമക്കേടുകളുമാണ് അക്കമിട്ട് നിരത്തുന്നത്. ഹരിപ്പാട് ഡിപ്പോയില്‍ എംഎല്‍എ ഫണ്ടുപയോഗിച്ച്‌ നടത്തിയ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേട് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊടുപുഴ ഡിപ്പോയിലെ യാര്‍ഡ് നിര്‍മാണ കാലാവധി ചട്ടവിരുദ്ധമായി 11 മാസം കൂടി ആര്‍ ഇന്ദു നീട്ടി നല്‍കി.

കണ്ണൂര്‍ ഡിപ്പോയില്‍ ജീവനക്കാരുടെ വിശ്രമമുറിയും ഓഫീസ് കെട്ടിടത്തിന്‍റെ നിര്‍മാണത്തിലും ഗുരുതര വീഴ്ച വരുത്തി. ചെങ്ങന്നൂര്‍ ഡിപ്പോയിലെ നിര്‍മാണത്തിലും ഗുരുതരമായ ക്രമക്കേടുകളാണ് നടത്തിയത്. മൂവാറ്റുപുഴ ബസ് സ്റ്റേഷന്‍ യാര്‍ഡ് നവീകരിക്കാന്‍ വേണ്ടത്ര പരിശോധന നടത്താതെ എസ്റ്റിമേറ്റ് തയ്യാറാക്കിയും ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുവാദം പോലും വാങ്ങാതെ നിര്‍മാണം തുടങ്ങിയതടക്കമുള്ള ക്രമക്കേടുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

കെഎസ്‌ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ ഉപയോഗശൂന്യമായ കെട്ടിടം നിര്‍മിച്ചതിലൂടെ മാത്രം 1.39 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായതായും ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി. കരാര്‍ ലൈസന്‍സില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെണ്ടറില്‍ പങ്കെടുക്കാനനുവദിക്കുന്നതടക്കമുള്ള ക്രമക്കേടുകളും ചീഫ് എഞ്ചിനീയറുടെ ഭാഗത്ത് നിന്ന് ഉണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. അതുകൊണ്ട് തന്നെ ചീഫ് എഞ്ചിനീയറെ സസ്പെന്‍ഡ് ചെയ്യുന്നത് കൂടാതെ ആര്‍ ഇന്ദു എഞ്ചിനീയര്‍ എന്ന നിലയില്‍ നടപ്പാക്കി പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികളെക്കുറിച്ച്‌ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പരിശോധന വിഭാഗം ശുപാര്‍ശയിലുണ്ട്.