കൊച്ചി: സിപിഎം അംഗമായിരുന്ന എംഎച്ച് എം അഷറഫ് കളംമാറി യുഡിഎഫിനെ പിന്തുണച്ചതോടെ കൊച്ചി കോർപ്പറേഷനിൽ നഗരാസൂത്രണ സ്ഥിരം സമിതി ഇടതുമുന്നണിക്ക് നഷ്ടമായി. സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച അഷറഫിനെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത വന്നേക്കാമെങ്കിലും നടപടിക്രമങ്ങൾ നീണ്ടുപോകുമെന്നതിനാൽ അദ്ദേഹത്തെ തന്നെ സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് യുഡിഎഫ് ആലോചിച്ചിട്ടുള്ളത്.
അഷറഫ് കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടാൽ അദ്ദേഹത്തിന്റെ ‘നോമിനിക്ക്’ സീറ്റ് നൽകി കൊച്ചങ്ങാടി ഡിവിഷനിൽനിന്നു വിജയിപ്പിക്കാമെന്നും യുഡിഎഫ് കരുതുന്നു. ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം ജെ സനൽമോനാണ് അവിശ്വാസത്തിലൂടെ നഗരാസൂത്രണ സമിതി ചെയർമാൻ സ്ഥാനം നഷ്ടമായത്. കമ്മിറ്റിയിൽ ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പായതിനാൽ ഇടതുമുന്നണി അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നു. അഞ്ച് വോട്ടിന് അവിശ്വാസം പാസായി. പുതിയ നഗരാസൂത്രണ സമിതി ചെയർമാനെ തിരഞ്ഞെടുക്കാനുള്ള തീയതി ജില്ലാ കളക്ടർ ഉടൻ പ്രഖ്യാപിക്കും.
കൊച്ചി കോർപ്പറേഷനിൽ വരാൻ പോകുന്ന രണ്ട് ഉപ തിരഞ്ഞെടുപ്പുകൾ നിർണായകമാകും. ഒരെണ്ണം സിപിഎമ്മിന്റെയും ഒന്ന് ബിജെപിയുടെയും സിറ്റിങ് സീറ്റുകളാണ്. രണ്ട് ഒഴിവുകൾ മാറ്റിനിർത്തിയാൽ ഇടതുപക്ഷത്തിന് 36 അംഗങ്ങളും യുഡിഎഫിന് 32-ഉം ബിജെപിക്ക് നാലു പേരുമാണുള്ളത്. ബിജെപിക്ക് നിലവിലുള്ള ടാക്സ് അപ്പീൽ സ്ഥിരം സമിതി ചെയർപേഴ്സൺ സ്ഥാനം നിലനിർത്തണമെങ്കിൽ എറണാകുളം സൗത്ത് ഡിവിഷനിൽ നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തണം.
ഗാന്ധിനഗർ സീറ്റ് നിലനിർത്തിയാലേ ഇടതുപക്ഷത്തിന് ഭരണത്തിൽ ഉറച്ചിരിക്കാൻ സാധിക്കൂ. പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ സ്ഥാനം മാത്രമാണ് ഇപ്പോൾ യു.ഡി.എഫിന് കോർപ്പറേഷനിൽ ഉള്ളത്. നഗരാസൂത്രണ സമിതി കൂടി പിടിക്കാനായാൽ ശക്തി വർധിക്കും. ധനകാര്യ സ്ഥിരം സമിതിയിൽ ഇപ്പോൾ യു.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടെങ്കിലും സി.പി.ഐ.യാണ് ഡെപ്യൂട്ടി മേയർ സ്ഥാനത്ത്. മേയർ സ്ഥാനം കൂടാതെ വികസനം, വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികളാണ് സി.പി.എമ്മിനുള്ളത്.
അവിശ്വാസത്തിലൂടെ നഗരാസൂത്രണ സമിതി ഇടതുപക്ഷത്തിന് നഷ്ടമായതോടെ, കൊച്ചി കോർപ്പറേഷൻ ഭരണം പടിക്കാനും നിലനിർത്താനുമുള്ള ഞാണിന്മൽക്കളി മുറുകി. അയോഗ്യനാവുമെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഇടതു കൗൺസിലറായിരുന്ന എം.എച്ച്.എം. അഷറഫ് യു.ഡി.എഫിനൊപ്പം ചേർന്നത്. അതോടെ സി.പി.എമ്മിന് ഒന്നും ചെയ്യാനില്ലാതായി.
തദ്ദേശ തിരഞ്ഞെടുപ്പു സമയത്ത് സ്ഥാനാർഥിയെ നിശ്ചയിച്ചപ്പോൾത്തന്നെ അഷറഫ് ചാടിപ്പോയേക്കുമെന്ന് സി.പി.എമ്മിന് ആശങ്ക ഉണ്ടായിരുന്നു. അതുകൊണ്ടാണ്, ചാട്ടംതടയാൻ പാർട്ടി ചിഹ്നത്തിൽത്തന്നെ മത്സരിപ്പച്ചത്. പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിച്ചാൽ കൂറുമാറിയാൽ ആറുവർഷം വരെ അയോഗ്യനാക്കപ്പെടും.
അയോഗ്യനാവുന്നെങ്കിൽ ആവട്ടെ എന്നുറപ്പിച്ചാണ് അഷറഫ് കളം മാറിയിരിക്കുന്നത്. അയോഗ്യത അംഗീകരിച്ചു വരണമെങ്കിൽ കാലതാമസം നേരിടും. തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിക്കെതിരേ കോടതിയെയും സമീപിക്കാം. അന്തിമവിധി വരുമ്പോഴേക്കും കൗൺസിലിന്റെ കാലാവധി കഴിയാറാവും. അതുവരെ നഗരാസൂത്രണ സമിതി ചെയർമാനായി ഇരിക്കാനാവും.
അയോഗ്യത വന്നാൽത്തന്നെ കൊച്ചങ്ങാടി ഡിവിഷനിൽ നടക്കുന്ന ഉപ-തിരഞ്ഞെടുപ്പിൽ അഷറഫിന്റെ ഭാര്യ, മുൻ കൗൺസിലർ സുനിത അഷറഫിനെ മത്സരിപ്പിക്കാമെന്ന ഉറപ്പും യു.ഡി.എഫ്. നൽകിയിട്ടുണ്ട്. ഇടതു പാളയത്തിൽനിന്ന് യു.ഡി.എഫ്. ആളെ ചാടിക്കുന്നതിന് മുമ്പുതന്നെ, എൽ.ഡി.എഫ് അപ്പുറത്തുനിന്ന് ആളെ ഇങ്ങോട്ടു കൊണ്ടുവന്ന് അടിത്തറ ശക്തമാക്കാൻ ശ്രമിച്ചിരുന്നു.
യു.ഡി.എഫിൽ സി.എം.പി.യുടെ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ച കലിസ്റ്റ പ്രകാശിനെ സി.പി.എം. ഇടപെട്ട് നേരത്തെ തന്നെ ഇടതു ക്യാമ്പിൽ എത്തിച്ചിട്ടുണ്ട്. ഇവരെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും നിയമനടപടിക്ക് ഒരുങ്ങുന്നുണ്ട്. ഭരണം കയ്യാലപ്പുറത്തായതിനാൽ, ഗിരിനഗറിലും എറണാകുളം സൗത്ത് ഡിവിഷനിലും വരാൻപോകുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ജീവന്മരണ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് മുന്നണികൾ. രണ്ടു സീറ്റുകളും പിടിക്കാനായാൽ സ്വതന്ത്ര പിന്തുണയോടെ ഭരണം എങ്ങനെയും പിടിക്കാമെന്നാണ് യു.ഡി.എഫ്. കരുതുന്നത്. രണ്ട് ഡിവിഷനുകളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള കേസുകളിലും വിധി വരാനുണ്ട്. യു.ഡി.എഫ്. അതിലെല്ലാം പ്രതീക്ഷ പുലർത്തുന്നുണ്ട്.
വലിയ ഭൂരിപക്ഷമൊന്നുമില്ലാതെ ഇപ്പോഴുള്ളതു പോലെതന്നെ ഭരണം തുടരാൻ കഴിയുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. ശക്തമായ നിലപാടുകളൊന്നും സ്വീകരിക്കാൻ കഴിയില്ലെങ്കിലും എല്ലാവരേയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ഭരണം വട്ടമെത്തിക്കാൻ കഴിയുമെന്ന പ്രതീഷയിലാണ് ഇടതുപക്ഷം കരുക്കൾ നീക്കുന്നത്.