ചാലക്കുടി: ചാലക്കുടി പുഴയില്‍ ജലനിരപ്പുകുറഞ്ഞു. ഇതോടെ തൽക്കാലം വെള്ളപ്പൊക്ക ഭീതിയില്ല. രാത്രി മഴ വലിയ മഴയില്ലാത്തതാണ് ജലനിരപ്പ് താഴാന്‍ കാരണമായത്. നിലവില്‍ 4.32 മീറ്ററാണ് ജലനിരപ്പ്. 7.1മീറ്ററായാല്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കും. 8.1 മീറ്ററാണ് അപകടകരമായ ജലനിരപ്പ്.
ഷോളയാറില്‍ നിന്നും പറമ്പിക്കുളത്തുനിന്നും വെളളം ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ വലിയ ജാഗ്രത വേണമെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടര അടിയോളം ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഉച്ചമുതല്‍ പ്രദേശത്ത് മഴ പെയ്തിരുന്നില്ല.
ഇന്നലെയാണ് ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. സെക്കന്‍ഡില്‍ 24.47 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. 2663 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 2662.8 അടിയെത്തിയപ്പോഴാണ് ഡാം തുറന്നത്. ചാലക്കുടി ടൗണില്‍ നിന്നും 65 കിലോമീറ്റര്‍ കിഴക്കാണ് ഷോളയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
അതേസമയം കുട്ടനാട്ടില്‍ പള്ളാത്തുരുത്തി, നെടുമുടി, കാവാലം മേഖലകളില്‍ ജലനിരപ്പുയര്‍ന്നു. ആശങ്ക വേണ്ടെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം അറിയിച്ചു. എ.സി റോഡില്‍ വെള്ളം കയറി. കുട്ടനാട് ഒന്നാംകരയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ 40 ഷട്ടറുകളില്‍ 39 എണ്ണവും തുറന്നിട്ടുണ്ട്