വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് കൈക്കൂലി; അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

പയ്യന്നൂർ: വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ അസിസ്റ്റൻ്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. പയ്യന്നൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ എ.എം.വി.ഐ. കരിവെള്ളൂർ തെരുവിലെ പി.വി.പ്രസാദി(43)നെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. എസ്.ആർ.ടി. ഓഫീസിലെത്തിയ വിജിലൻസ് സംഘം എ.എം.വി.ഐ.യെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏജന്റ് മുഖാന്തരമാണ് ഇയാൾ 6000 രൂപ കൈക്കൂലി വാങ്ങിയത്. വാഹനത്തിന്റെ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷകരോട് പണം ആവശ്യപ്പെട്ടിരുന്ന ഇയാൾ നിരീക്ഷണത്തിലായിരുന്നെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത് പറഞ്ഞു. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി സെപ്റ്റംബർ 29-ന് 3,000 ‘ രൂപയും ഒക്ടോബർ ആദ്യം 6,000 രൂപയും ഇയാൾ ആവശ്യപ്പെട്ടു.

കഴിഞ്ഞമാസം ഇയാളെ പിടിക്കാൻ വിജിലൻസ് സംഘത്തിന് കഴിഞ്ഞില്ല. തിങ്കളാഴ്ച 6,000 രൂപയുമായി എത്താൻ എ.എം.വി.ഐ. ആവശ്യപ്പെട്ടതറിഞ്ഞ വിജിലൻസ് കെണിയൊരുക്കുകയായിരുന്നു. വിജിലൻസ് സംഘം നൽകിയ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ടുകൾ അപേക്ഷകൻ വൈകുന്നേരം മൂന്നോടെ കൈമാറി. പണം കൈപ്പറ്റിയ എ.എം.വി.ഐ. നിമിഷങ്ങൾക്കകം ഇത് കൈമാറിയതായി വിജിലൻസ് സംഘം കണ്ടെത്തി.

കസ്റ്റഡിയിലെടുത്തപ്പോൾ ഇയാൾ ആദ്യം നിഷേധിച്ചെങ്കിലും രാസപരിശോധനയിൽ കുറ്റം തെളിയുകയായിരുന്നു. പ്രസാദ് ഏഴുവർഷമായി മോട്ടോർവാഹന വകുപ്പിലാണ് ജോലിചെയ്യുന്നത്. വാഹനങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ചെയ്ത കോപ്പികൾ ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തു. ഉദ്യോഗസ്ഥന്റെ വീട്ടിൽ നടന്ന റെയ്ഡിൽ 69,000 രൂപയും സ്ഥലം വാങ്ങിയതിന്റേതുൾപ്പെടെയുള്ള രേഖകളും കണ്ടെടുത്തു.

മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ പണം സർക്കാരിലേക്ക് കണ്ടുകെട്ടുമെന്നും മറ്റു രേഖകൾ വിശദമായി പരിശോധിക്കുമെന്നും വിജിലൻസ് സംഘം പറഞ്ഞു.