മഴ വില്ലനായപ്പോള്‍ ചെമ്പില്‍ വിവാഹ പന്തലിലെത്തി വധൂവരന്മാര്‍

ആലപ്പുഴ: കനത്ത മഴയും വെള്ളക്കെട്ടും വില്ലനായപ്പോള്‍ വധൂവരന്മാര്‍ വിവാഹ പന്തലില്‍ എത്തിയത് ചെമ്പില്‍ കയറി.തകഴി സ്വദേശിയായ ആകാശും അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയുമാണ് വിവാഹമണ്ഡപത്തിലേക്ക് ചെമ്പില്‍ കയറി എത്തിയത്. തലവടി പനയന്നൂര്‍ക്കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ താലികെട്ട് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ക്ഷേത്രവും പരിസരവും ഒന്നാകെ മുങ്ങിയപ്പോള്‍ ഇവര്‍ക്ക് വിവാഹ മണ്ഡപത്തില്‍ എത്താന്‍ ചെമ്പില്‍ യാത്ര ചെയ്യേണ്ടി വരികയായിരുന്നു.

ഈ ക്ഷേത്രത്തില്‍ തന്നെ വിവാഹം നടത്തണമെന്ന് ഇവരുടെ ആഗ്രഹമായിരുന്നു. സമീപത്തെ ജങ്ഷന്‍ വരെ കാറിലെത്തിയ ആകാശിനേയും ഐശ്വര്യയേയും ക്ഷേത്രത്തിലേക്ക് എത്തിക്കാനായി ക്ഷേത്ര ഭാരവാഹികള്‍ തന്നെ വലിയ ചെമ്പ് ഏര്‍പ്പാടാക്കി. കാറില്‍ നിന്നും ഇറങ്ങി ചെമ്പില്‍ കയറിയ വധൂവരന്മാരെ ക്ഷേത്രത്തിലെ മണ്ഡപം വരെ ഭാരവാഹികള്‍ കൊണ്ടുവന്നു. താലിക്കെട്ടിന് ശേഷം ചെമ്പില്‍ ഇരുന്നുകൊണ്ട് തന്നെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിലേക്കുള്ള റോഡിലും മുട്ടോളം വെള്ളമുണ്ടായിരുന്നു.

ക്ഷേത്രത്തില്‍ വെച്ച് കല്യാണം കഴിക്കണമെന്നത് തങ്ങളുടെ ആഗ്രഹമായിരുന്നുവെന്ന് ആകാശ് പറയുന്നു. അതുകൊണ്ടാണ് പ്രതിബന്ധങ്ങളെല്ലാം അവഗണിച്ച് ക്ഷേത്രത്തില്‍ ചെമ്പില്‍ എത്താന്‍ തീരുമാനിച്ചതെന്നും ആകാശ് പറയുന്നു. ഇരുവരുടേയും പ്രണയവിവാഹമാണ്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരാണ് ഇരുവരും.

മണിമലയാറും പമ്പയും ഒത്തുചേരുന്ന പ്രദേശമാണ് തലവടി. കഴിഞ്ഞ ദിവസം കിഴക്കന്‍ മേഖലകളില്‍ ഉണ്ടായ കനത്തമഴയെ തുടര്‍ന്ന് വെള്ളം ഈ പ്രദേശത്തേക്ക് ഒഴുകിയെത്തിയാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഞായറാഴ്ച പകല്‍ കാര്യമായി മഴ പെയ്തില്ലെങ്കിലും ആലപ്പുഴ ജില്ലയിലെ നദികളിലേക്കു കിഴക്കന്‍വെള്ളത്തിന്റെ വരവു ശക്തമായിട്ടുണ്ട്. കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലുമടക്കം താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്.