കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു; ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് ഉത്തരവ്

ആലപ്പുഴ: ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടിൽ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാകുമോ എന്ന ആശങ്ക വർധിച്ചു. കക്കി ഡാം തുറന്നതോടെ ഒഴുകിയെത്തുന്ന വെള്ളം നാളെ രാവിലെ മുതൽ കുട്ടനാട്ടിൽ എത്തുമെന്നാണ് വിദഗ്ധാഭിപ്രായം. എന്നാൽ തോട്ടപ്പള്ളി സ്പിൽവേ വഴിയും തണ്ണീർമുക്കം ബണ്ട് വഴിയും വെള്ളം കടലിലേക്ക് ഒഴുകി പോകുന്നതിനാൽ വെള്ളപ്പൊക്ക സ്ഥിതി 2018 ലേതുപോലെ രൂക്ഷമാകില്ലെന്നാണ് സൂചന.

അതേസമയം കുട്ടനാട് മേഖലയിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൊയ്ത്തിന് ദിവസങ്ങൾമാത്രം ബാക്കി നിൽക്കെയാണ് കുട്ടനാട്ടിൽ വെള്ളപ്പൊക്ക സ്ഥിതി രൂക്ഷമായിരിക്കുന്നത്. പാടശേഖരങ്ങളുടെ പുറംബണ്ട് കവിഞ്ഞു വെള്ളം കയറുമോ എന്ന ആശങ്ക കർഷകർക്ക് ഉണ്ട്.

വെള്ളപ്പൊക്കം രൂക്ഷമായതോടെ കുട്ടനാട്ടിലെ തന്നെ താഴ്ന്ന പ്രദേശങ്ങളിൽ മിക്കതും വെള്ളത്തിനടിയിലാണ്. പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി തിങ്കളാഴ്ച രാവിലെ മുതൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എടത്വ-ഹരിപ്പാട്, അമ്പലപ്പുഴ-തിരുവല്ല പാതയിലും കെ.എസ്.ആർ.സി സർവീസുകൾ നിർത്തിയിരുന്നു.

പമ്പയാർ കരകവിഞ്ഞ് സമീപത്തെ വീടുകളെല്ലാം വെള്ളത്തിലായി. കക്കി ഡാം കൂടി തുറന്നതോടെ വെള്ളത്തിന്റെ നിരപ്പ് ഉയരുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
നെടുമ്പ്രം, നിരണം, മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണു ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. ഇവിടങ്ങളിൽ വാഹനഗതാഗതവും തടസ്സപ്പെട്ടു. തലവടി കുതിരച്ചാൽ പുതുവൽ കോളനിയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോളനിയിലെ മിക്കവീടുകളും മുട്ടോളം വെള്ളത്തിലാണ്. അപ്പർകുട്ടനാട്ടിൽ ആദ്യം വെള്ളത്തിൽമുങ്ങുന്ന പ്രദേശമാണു കുതിരച്ചാൽ കോളനി. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും സമാന അവസ്ഥയാണു നിലനിൽക്കുന്നത്.

കുട്ടനാട് മേഖലയില്‍നിന്ന് മാറ്റുന്നവരെ അമ്പലപ്പുഴ, ചങ്ങനാശേരി താലൂക്കുകളിലെ കേന്ദ്രങ്ങളിൽ താമസിപ്പിക്കാനാണ് കളക്ടറുടെ നിർദ്ദേശം. ജില്ലാ വികസന കമ്മീഷണര്‍ എസ്. അഞ്ജു(ഫോണ്‍-7306953399), സബ് കളക്ടര്‍ സൂരജ് ഷാജി(9447495002), എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ് കുമാര്‍(8547610046), തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആന്‍റണി സ്കറിയ(9447787877) എന്നിവര്‍ നടപടികള്‍ ഏകോപിപ്പിക്കും.

ഈ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുതമലകളും ഉത്തരവിലുണ്ട്.