തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉണ്ടായ ദുരിതത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി. സംസ്ഥാനത്തിന് ആവശ്യമായ കേന്ദ്രസഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
”കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു”- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നാണ് റവന്യൂ മന്ത്രി കെ രാജന് അറിയിച്ചത്. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി.
കനത്ത മഴയിലും ഉരുള്‍പൊട്ടലിലുമായി സംസ്ഥാനത്ത് ഇതുവരെ 21 പേരാണ് മരിച്ചത്. മഴക്കെടുതി ശക്തമായതോടെ സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ അറിയിച്ചിരുന്നു.അതേ സമയം സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുകയാണ്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം പൂര്‍ണമായും അവസാനിക്കാത്തതിനാല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.