തിരുവനന്തപുരം: ന്യുന മര്‍ദം ദുര്‍ബലമായതോടെ കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ തീവ്രത കുറയുന്നു. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തില്‍ ഉച്ചവരെ മഴ തുടരും. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യുനമര്‍ദം ദുര്‍ബലമായതോടെ അറബികടലില്‍ കാറ്റിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ മഴമേഘങ്ങള്‍ കരയിലേക്ക് എത്താന്‍ സാധ്യതയില്ല. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുന്നുണ്ട്. കോട്ടയം ജില്ലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലില്‍ പുലര്‍ച്ചെയും മഴയുണ്ട്. ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറിലും മഴ ശമിച്ചിട്ടില്ല.
കൊക്കയാറില്‍ രാവിലെ തന്നെ തെരച്ചില്‍ തുടങ്ങി. ഫയര്‍ ഫോഴ്സ്, എന്‍ഡിആര്‍എഫ്, റവന്യു, പൊലീസ് സംഘങ്ങള്‍ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം. കൊക്കയാറില്‍ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നും എത്തിയിട്ടുണ്ട്.