കൂട്ടിക്കലും കൊക്കയാറിലും ഉണ്ടായത് മേഘവിസ്ഫോടനമെന്ന് കൊച്ചി സര്‍വകലാശാല അന്തരീക്ഷ പഠന വിഭാഗം; നാവിക സേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ കൂട്ടിക്കലിൽ

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിലായി ഇന്നലെ കനത്ത മഴയ്ക്ക് കാരണമായത് മേഘവിസ്ഫോടനമെന്ന് വിലയിരുത്തല്‍. ഇതെത്തുടർന്നാണ് കൂട്ടിക്കലിലും കൊക്കയാറിലും ഉരുൾ പൊട്ടലുണ്ടായത്. കൊച്ചി സര്‍വകലാശാലയിലെ അന്തരീക്ഷ പഠന വകുപ്പിൻ്റെതാണ് നിഗമനം.
കൊക്കയാര്‍, കൂട്ടിക്കല്‍ പ്രദേശങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.

ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഈ നിഗമനത്തിലേക്ക് എത്തിയത്. അതേ സമയം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം രാവിലെ തന്നെ തുടങ്ങി. കരസേന, എന്‍ഡിആര്‍എഫ് എന്നിവരുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തെരച്ചില്‍.

നാവിക സേനയുടെ രണ്ടു ഹെലികോപ്റ്ററുകളും അല്‍പ്പസമയത്തിന് മുമ്പ് കുട്ടിക്കല്‍ എത്തി. പ്രദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണവും ഹെലികോപ്ടര്‍ വഴി എത്തിക്കും.