പീഡനക്കേസിൽ അന്വേഷണത്തിന് അഞ്ച് ലക്ഷം രൂപ കൈക്കൂലി; എഎസ്ഐയ്ക്ക് സസ്പെന്‍ഷന്‍

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിരയായ കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിച്ച എറണാകുളം നോർത്ത് സ്റ്റേഷനിലെ എഎസ്ഐ വിനോദ് കൃഷ്ണയെ സസ്പെൻറ് ചെയ്തു.

കേസന്വേഷണത്തിന് ഡെൽഹിയിൽ പോകാൻ മാതാപിതാക്കളിൽ നിന്ന് വിമാന ടിക്കറ്റ് ചോദിച്ച് വാങ്ങിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. കൈക്കൂലി ആരോപണത്തെ കുറിച്ച് വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചു.

മകൾ പീഡനത്തിരയായ കേസിൽ ആൺ മക്കളെ പ്രതി ചേർക്കാതിരിക്കാൻ എറണാകുളം നോർത്ത് പൊലീസ് 5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നാണ് മാതാപിതാക്കളുടെ ആരോപണം.

യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്തി മക്കളെ അന്യായമായി പൊലീസ് ജയിലിലാക്കിയെന്നും യുപി സ്വദേശികളായ മാതാപിതാക്കൾ പറഞ്ഞു. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതെന്നും മാതാപിതാക്കളുടെ ആരോപണങ്ങൾ കള്ളമാണെന്നും സിറ്റി പൊലീസ് കമീഷണർ എച്ച് നാഗരാജു പ്രതികരിച്ചു.

സംഭവം വാർത്ത ആയതിന് പിന്നാലെ എറണാകുളം നോർത്ത് പൊലീസിനെതിരെ കൂടുതൽ പരാതികളുമായി ആളുകൾ രംഗത്തെത്തി. ഗാർഹിക പീഡന പരാതികൾ ഒതുക്കാൻ പൊലീസുകാർ കൈക്കൂലി വാങ്ങുന്നത് നിത്യസംഭവമാണ് എന്നാണ് ആരോപണം. കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.