കൂട്ടിക്കൽ വില്ലേജിലെ പ്ലാപ്പള്ളിയിൽ ഉരുൾ പൊട്ടൽ; 12 പേരെ കാണാതായി; പൂഞ്ഞാറില്‍ കെഎസ്‌ആ‍ര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി

കോട്ടയം: കൂട്ടിക്കൽ വില്ലേജിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾ പൊട്ടലിൽ 12 പേരെ കാണാതായി. മൂന്ന് വീടുകൾ ഒലിച്ച് പോയി. ഒരു വീട്ടിലെ 6 പേരെ കാണാതായത്. ഇവിടെ രക്ഷാപ്രവർത്തനത്തന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

ഈരാറ്റുപേട്ട- മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് രക്ഷാപ്രവർത്തനം നടക്കുന്ന മേഖലയിൽ മന്ത്രി വാസവൻ ഉടൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം അതിവേഗതയിൽ പുരോഗമിക്കുകയാണ്.

പൂഞ്ഞാര്‍ സെൻ്റ് മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് മുങ്ങി. വെള്ളക്കെട്ട് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിച്ചു.

കോട്ടയത്ത് ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയിലും നഗരത്തിലും കനത്ത മഴയാണ് തുടരുന്നത്. ചരിത്രതിലാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലടക്കം ഇക്കുറി വെള്ളം കേറി. കാഞ്ഞിരപ്പിള്ളിയില്‍ മലവെള്ളപ്പാച്ചില്‍ മൂലം ആളുകള്‍ കുടുങ്ങി കിടക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവ‍ര്‍ത്തനത്തിനായി ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടി.

പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലകളിലും കനത്ത മഴ തുടരുകയാണ്. കക്കി, ആനത്തോട്, മൂഴിയാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയെ തുട‍ര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്. എന്നാല്‍ പമ്പയിലും മണിമലയാറ്റിലും കാര്യമായി ജലനിരപ്പുയ‍ര്‍ന്നിട്ടില്ല എന്നതാണ് ആശ്വാസകരം. ഉച്ചയോടെ മഴയ്ക്ക് അല്‍പം ശക്തിക്ഷയം സംഭവിച്ചതും ആശ്വാസമായി.