കേരളത്തില്‍ വരാനിരിക്കുന്നത് ഇതിലും അതിശക്തമായ മഴ; തമിഴ്‌നാട് വെതര്‍മാന്‍

കൊച്ചി : കേരളത്തില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് തമിഴ്‌നാട് വെതര്‍മാന്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ട് 150 മുതല്‍ 200 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിലും ശക്തമാവാനാണ് സാധ്യതയെന്നും തമിഴ്‌നാട് വെതര്‍മാന്‍ പറയുന്നു.

മഴ കുറഞ്ഞ പ്രദേശങ്ങളായ തമിഴ്‌നാട്ടിലെ തിരുപ്പുര്‍, കോയമ്പത്തൂര്‍, നെല്ലായ് എന്നിവിടങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തു. വാല്‍പ്പാറ, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളില്‍ നാളെ മഴ തീവ്രമായിരിക്കുമെന്ന് പ്രവചനത്തില്‍ പറയുന്നു.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.