സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ആറ് ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; തിരുവനന്തപുരത്ത് നഗരത്തില്‍ വെള്ളക്കെട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വരും മണിക്കൂറുകളില്‍ ആറ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്കും കാററിനും സാധ്യത. ഇതേ തുടര്‍ന്ന് ഈ ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ കാറ്റും, കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും കണക്കിലെടുത്ത്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഇടിയോടു കൂടിയ മഴ ശക്തമാണ്. രാത്രി മുതല്‍ തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും മഴ തുടരുകയാണ്. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇവിടങ്ങളിലെ മലയോര മേഖലകളിലും മഴ ശക്തമാണ്.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, വടക്കന്‍ കേരളത്തില്‍ മഴ കുറവാണ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്.