സരിത്തിന്റെ കോഫെപോസ നീട്ടുന്ന കാര്യത്തില്‍ കസ്റ്റംസ് ശിപാര്‍ശ നല്‍കിയില്ല; സ്വപ്നയും ജയിലിന് പുറത്തേയ്ക്ക് ? എന്‍ഐഎ കേസില്‍ ജാമ്യാപേക്ഷ 22ന്

കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്തു കേസില്‍ ഒന്നാംപ്രതി പിഎസ് സരിത്തിന്റെ കോഫെപോസ നീട്ടുന്ന കാര്യത്തില്‍ കസ്റ്റംസ് ഇതുവരെ ശിപാര്‍ശ നല്‍കിയില്ല. അടുത്തമാസം 18 നാണു സരിത്തിന്റെ കരുതല്‍ തടങ്കല്‍ ഒരു വര്‍ഷമാകുന്നത്. രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ കോഫെപോസ നടപടി ഹൈക്കോടതി റദ്ദാക്കുകയും മൂന്നാംപ്രതി സന്ദീപ് നായരുടെതു കാലാവധി കഴിഞ്ഞാഴ്ച പൂര്‍ത്തിയാകുകയും ചെയ്തിരുന്നു.

സന്ദീപിന്റെ കോഫെപോസ നീട്ടാത്തതിനാല്‍, സരിത്തിന്റെ മാത്രമായി നീട്ടിക്കൊടുക്കാന്‍ സാധ്യതയില്ല.സന്ദീപ് ജയിലിനു പുറത്തിറങ്ങിയെങ്കിലും എന്‍.ഐ.എ. കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍, സ്വപ്നയ്ക്കു പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഈ മാസം 22 നു സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുന്നുണ്ട്.

ജാമ്യം കിട്ടിയാല്‍ പുറത്തിറങ്ങാം. മാപ്പുസാക്ഷിയായതിനാല്‍, സന്ദീപ് നായര്‍ക്കു എന്‍.ഐ.എ. കേസില്‍ നേരത്ത ജാമ്യം കിട്ടിയിരുന്നു.
സ്വപ്നയുടെ ജാമ്യഅപ്പീല്‍ മൂന്നുമാസത്തിലേറെയായി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ എല്ലാവര്‍ക്കും ജാമ്യം കിട്ടിക്കഴിഞ്ഞു. കോഫെപോസെ കേസില്‍ മറ്റു പ്രതിളായ കെ.ടി. റമീസ്, മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ (പി.എം.എല്‍.എ.) പ്രതികളുടെ സ്വത്ത് പിടിച്ചുവച്ചതിനെതിരേ സ്വപ്ന സുരേഷ് തര്‍ക്കം ഉന്നയിച്ചിട്ടുണ്ട്. 2016- 17 കാലത്തു സമ്പാദിച്ച സ്വത്തും കണ്ടുകെട്ടിയതു നിയമലംഘനമാണ്. സ്വര്‍ണ്ണക്കടത്തു കേസുമായി ഒരു ബന്ധവുമില്ലാത്ത കേസാണിത്. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ തനിയ്‌ക്കെതിരേ എന്‍.ഐ.എ. ചുമത്തിയ യു.എ.പി.എ. കേസ് നിലനില്‍ക്കില്ലെന്നാണു സ്വപ്നയുടെ പ്രധാന വാദം. നേരത്തെ എന്‍.ഐ.എ. കോടതി ജാമ്യഹര്‍ജി തള്ളിയിരുന്നു.

സ്വര്‍ണ്ണക്കടത്ത് എന്‍.ഐ.എ. കേസില്‍ പത്തു പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരേ എന്‍.ഐ.എ. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി സ്‌റ്റേ ചെയ്തില്ല. സ്വര്‍ണ്ണക്കടത്തു കേസുകളില്‍ യു.എ.പി.എ. നിലനില്‍ക്കുമോ എന്ന നിയമപ്രശ്‌നം പിന്നീടു പരിശോധിക്കാമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം.

തനിക്കു ജാമ്യം നല്‍കാതെ മനഃപൂര്‍വം എന്‍.ഐ.എ. കേസ് നീട്ടിക്കൊണ്ടു പോവുകയാണെന്നായിരുന്നു സ്വപ്നയുടെ വാദം. സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി മറ്റു പ്രതികളെല്ലാം പുറത്തിറങ്ങിയിട്ടും തനിക്കു നീതി നിഷേധിക്കുകയാണ്. ഹൈക്കോടതി കേസ് തീര്‍പ്പാക്കുന്ന പക്ഷം ആവശ്യമെങ്കില്‍ തനിക്കു സുപ്രീംക്കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്.

നിയമപ്രശ്‌നം സുപ്രീംകോടതി പരിഗണിച്ചു തീര്‍പ്പാക്കുംവരെ ജാമ്യം നല്‍കാതിരിക്കുന്ന സ്ഥിതി വരുമെന്നുമാണു സീതയുടെ വാദം. എന്‍.ഐ.എ. കേസില്‍ സ്വപ്നയുള്‍പ്പെടെ അഞ്ചുപ്രതികള്‍ക്ക് ഇനി ജാമ്യം ലഭിക്കാനുണ്ട്. സെഷന്‍സ് കോടതി ജാമ്യഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണു സ്വപ്ന ഹൈക്കോടതിയില്‍ എത്തിയത്.