മലമ്പുഴ അണക്കെട്ടിന്‍റെ 4 ഷട്ടറുകളും തുറന്നു ; ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിർദ്ദേശം

പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ 4 ഷട്ടറുകളും തുറന്നു. ഒരു ഷട്ടര്‍ 5 സെ.മി ഉയര്‍ത്തി. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ മഴക്കെടുത്തി തുടരുകയാണ്. കോട്ടയം ജില്ലയിലാണ് ഏറെ കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിന് പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും നിയോഗിച്ചു. ഒറ്റപെട്ട കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും. ഈരാറ്റുപേട്ട-പാല റോഡില്‍ വെള്ളം കയറിത്തുടങ്ങി. അരുവിത്തുറ പാലം മുങ്ങി.

പനക്കപ്പാലത്ത് റോഡില്‍ വെള്ളം കയറി. ആളിയാര്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. പീച്ചി-വാഴാനപ്പളി, കക്കി-ആനത്തോട് ഡാമുകളില്‍ റെഡ് അലര്‍ട്ട്.

ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരും കാസര്‍കോഡുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.