ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ രോഗിക്ക് പ്ലാസ്റ്റർ ഇട്ടു കൊണ്ടിരിക്കെ ഡ്യൂട്ടി ഡോക്ടർക്ക് മർദ്ദനം

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ രോഗിക്ക് പ്ലാസ്റ്റർ ഇട്ടു കൊണ്ടിരിക്കെ ഡ്യൂട്ടി ഡോക്ടർക്ക് മർദ്ദനം. പഞ്ചായത്തു പ്രസിഡൻ്റെന്ന് പരിചയപ്പെടുത്തിയ ഒരാളും മറ്റൊരാളും ചേർന്നാണ് ഡോക്ടറെ മർദ്ദിച്ചത്. വ്യാഴാഴ്ച രാത്രി ഡോക്ടർ ഒരു രോഗിക്ക് പ്ലാസ്റ്റർ ഇട്ടു കൊണ്ടിരിക്കെയായിരുന്നു സംഭവം.

പഞ്ചായത്ത് പ്രസിഡന്റ് ആംബുലൻസിൽ കൊണ്ടുവന്ന രോഗി രണ്ടു മണിക്കൂർ മുമ്പ് മരിച്ചിരുന്നുവെന്നും ഡോക്ടർ ആംബുലൻസിൽ കയറി മരണം സ്ഥിരീകരിക്കണമെന്നും ആവശ്യപ്പെട്ടു. രോഗിക്ക് പ്ലാസ്റ്റർ ഇട്ടു കൊണ്ടിരിക്കുന്നതു കൊണ്ട് സമയം വൈകുന്നുവെന്ന് പറഞ്ഞായിരുന്നു വാക്കേറ്റം. തുടർന്ന് ആംബുലൻസിൽ എത്തിയവർ ഡോക്ടറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയുകയുമാണ് ഉണ്ടായത്.

പരിക്കേറ്റ ഡോക്ടറെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോസ്പിറ്റൽ പ്രെട്ടക്ഷൻ നിയമം ചുമത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ ശാസ്താം കോട്ട താലൂക്ക് ആശുപത്രിയിൽ ഒപി ബഹിഷ്കരിച്ച് ഡോക്ടർമാർ സമരം ചെയ്യുമെന്ന് കെ ജി എം ഒ എ പ്രസിഡന്റ് ഡോ. റീന, സെക്രട്ടറി ഡോ. റോഹൻ രാജ്, ട്രഷറർ ഡോ. രജനി എന്നവർ അറിയിച്ചു.