മീനച്ചിലാറ്റിലെ മനുഷ്യവിസര്‍ജ്യം; സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

കോട്ടയം: മീനച്ചിലാറ്റില്‍ വന്‍ തോതില്‍ മനുഷ്യ വിസര്‍ജ്യം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക നടപടിയുമായി ജലവിഭവ വകുപ്പ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍.

വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ബന്ധിപ്പിച്ച്‌ പഠനം നടത്താനാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു. വൈകാതെ ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി മീനച്ചിലാറ്റില്‍ പരിശോധന നടത്തും. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ജലത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്.

പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേര്‍ന്ന ഭാഗങ്ങളിലാണ് വെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഫീക്കല്‍ കോളിഫോം ബാക്ടീരിയയ്ക്ക് പുറമെ, തീവ്ര അമ്ല സാന്നിധ്യവും മീനച്ചില്‍ ആറ്റില്‍ കണ്ടെത്തിയിരുന്നു.