തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ മന്ത്രി വി ശിവൻകുട്ടിയടക്കം ആറ് പ്രതികളുടെ വിടുതൽ ഹർജി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്.
കേസിൽ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു നവംബർ 22ന് പ്രതികളെല്ലാം കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അന്നുതന്നെ കുറ്റപത്രം പ്രതികളെ വായിച്ചുകേൾപ്പിക്കും.
നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് നൽകിയ ദൃശ്യങ്ങൾ കൃത്രിമമാണെന്നും ഇത് പരിഗണിക്കരുതെന്നുമാണ് പ്രതികൾ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ വാദം തള്ളിയ കോടതി ദൃശ്യങ്ങൾ തെളിവായി പരിഗണിക്കാമെന്നും കണ്ടെത്തി.
മുൻമന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ മുൻ എംഎൽഎമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. വിടുതൽ ഹർജി തള്ളിയതോടെ ഇനി വിചാരണ നടപടികളുമായി കോടതി മുന്നോട്ടുപോകും.