മണ്ണിടിഞ്ഞത് നീക്കാന്‍ മണ്ണുമാന്തി കയറ്റി പോയ ടിപ്പര്‍ ലോറി റോഡ് തകര്‍ന്ന് വീടിന് മുകളിലേക്ക് മറിഞ്ഞു

കോഴിക്കോട്: ശക്തമായ മഴയില്‍ റോഡ് തകര്‍ന്ന് മിനി എസ്ക്കവേറ്ററുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. മണ്ണിടിഞ്ഞ് വീണത് നീക്കാന്‍ കൊണ്ടു പോയതായിരുന്നു ചെറിയ മണ്ണുമാന്തി യന്ത്രം. ഒളവണ്ണ മാത്തറ – കുരിക്കാവ് പള്ളി റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം.

ടിപ്പറും മണ്ണുമാന്തിയും മറിഞ്ഞ് വീടിൻ്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ജെസിബി ഓപ്പറേറ്ററും വണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. കളത്തിങ്കല്‍ ഷാഹിദിൻ്റെ വീടിനു മുകളിലേക്കാണ് മറിഞ്ഞത്. അടുക്കളയിലും മുറികളിലുമായി വീട്ടില്‍ അഞ്ച് പേരുണ്ടായിരുന്നു. ഷാഹിദടക്കം അഞ്ചുപേരും ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

മഴയില്‍ മറ്റൊരിടത്ത് മണ്ണിടിഞ്ഞു വീണത് എടുത്തു മാറ്റാനായി കൊണ്ടു പോകുകയായിരുന്നു മിനി എസ്ക്കവേറ്റര്‍. റോഡില്‍ നിന്ന് 15 അടിയിലേറെ കെട്ടിയുയര്‍ത്തിയ റോഡാണ് തകര്‍ന്നത്. ഇത്രയും താഴ്ചയുള്ള ഇവിടെ ഒരു സുരക്ഷാ മുന്‍കരുതലുകളൊന്നും ഇല്ലാതെയാണ് റോഡ് നിര്‍മിച്ചതെന്നും പരാതി ഉയരുന്നുണ്ട്.