കോഴിക്കോട് കെഎസ്‌ആര്‍ടിസി സമുച്ചയം ഒത്തുകളി പുറത്ത്; അലിഫ് ബില്‍ഡേഴ്സിന് നല്‍കിയത് തുച്ഛമായ വാടകയ്ക്ക്; രൂപമാറ്റം വരുത്തിയതിനും തെളിവ്

കോഴിക്കോട്: കെഎസ്‌ആര്‍ടിസി വാണിജ്യ സമുച്ഛയം സ്വകാര്യ കമ്പനിക്ക് നടത്തിപ്പിന് നല്‍കിയതില്‍ ഒത്തുകളി നടന്നെന്ന ആരോപണത്തെ ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ചതുരശ്ര അടിക്ക് കേവലം 13 രൂപ മാത്രം വാടക ഈടാക്കിയാണ് കോഴിക്കോട്ടെ അലിഫ് ബില്‍ഡേഴ്സിന് വാണിജ്യ സമുച്ഛയം കൈമാറിയത്. ചതുരശ്ര അടിക്ക് 1800 രൂപ വരെ വാടകയുളള സ്ഥലത്താണ് ഈ അന്തരം. കെട്ടിടത്തിന്‍റെ നടത്തിപ്പുകാരെ സഹായിക്കാന്‍ കെട്ടിടത്തില്‍ വരുത്തിയ രൂപമാറ്റത്തിന്റെ തെളിവുകളും പുറത്ത് വന്നു.

കോഴിക്കോട് നഗരത്തിലെ ഏറ്റവും കണ്ണായ പ്രദേശമാണ് മാവൂര്‍റോഡ്. പ്രധാന വാണിജ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെയാണ് നഗരത്തില്‍ ഏറ്റവും ഉയര്‍ന്ന വാടകയീടാക്കുന്ന കെട്ടിടങ്ങളുമുള്ളത്. കെഎസ്‌ആര്‍ടിസി കോംപ്ലക്സില്‍ ബസ് സ്റ്റാന്‍റിന് സമീപമുളള 280 സ്ക്വയര്‍ഫീറ്റ് സ്ഥലം കെടിഡിഎഫ്സി കഴിഞ്ഞ വര്‍ഷം വാടകയ്ക്ക് നല്‍കിയത് സ്ക്വയര്‍ഫീറ്റിന് മാസം 1600 രൂപയ്ക്കാണ്. ഇതേ കെട്ടിടത്തിന്‍റെ ബാക്കിയുളള ഭാഗങ്ങള്‍ അലിഫ് ബില്‍ഡേഴ്സിന് നല്‍കിയതാവട്ടെ സ്ക്വയര്‍ഫീറ്റിന് 13 രൂപയ്ക്കും.

കെടിഡിഎഫ്സിയും അലിഫ് ബില്‍ഡേഴ്സും തമ്മിലുളള ഒത്തുകളിക്ക് ഇതില്‍പരം എന്ത് തെളിവ് വേണമെന്ന് ഇവിടുത്തെ വ്യാപാരികള്‍ ചോദിക്കുന്നു. കെഎസ്‌ആര്‍ടിസി സ്റ്റാന്‍റിനേക്കാള്‍ വാണിജ്യ സമുച്ഛത്തിനാണ് കെടിഡിഎഫ്സി പ്രാധാന്യം നല്‍കിയതെന്നതിന്റെ നിരവധി തെളിവുകളും ഇവിടെയുണ്ട്. താഴത്തെ നിലയിലെ മൂന്ന് തൂണുകള്‍ ചെറുതാക്കിയാണ് ഇവിടെ എസ്കലേറ്ററുകള്‍ സ്ഥാപിച്ചത്.

13 നിലകളുളള കെട്ടിടത്തിന്‍റെ താഴെയുള്ള രണ്ട് നിലകളിലെ തൂണുകള്‍ക്ക് ബലക്ഷയമുണ്ടെന്നാണ് ചെന്നൈ ഐഐടി റിപ്പോര്‍ട്ട്. മൂന്ന് വട്ടം ടെന്‍ഡര്‍ ചെയ്തിട്ടും കെട്ടിടം വാടകയ്ക്ക് പോകാത്ത സാഹചര്യത്തിലാണ് കൂടുതല്‍ തുക ക്വാട്ട് ചെയ്ത അലിഫ് ബില്‍ഡേഴ്സിന് നടത്തിപ്പ് ചുമതല കൈമാറിയതെന്ന് കെടിഡിഎഫ്സി അധികൃതര്‍ പറഞ്ഞു. എങ്കിലും സ്ക്വയര്‍ ഫീറ്റിന് 13 രൂപ എന്നത് കുറഞ്ഞ നിരക്ക് തന്നെയെന്നും കെടിഡിഎഫ്സി അധികൃതര്‍ സമ്മതിച്ചു.