കനത്തമഴ പ്രളയത്തിന് കാരണമാകും; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍

ന്യൂഡെല്‍ഹി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍. കേരളത്തിന് പുറമെ കര്‍ണാടക,തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കും പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലുമായി ആറു നദികള്‍ കരകവിഞ്ഞേക്കാമെന്നും ഇത് പ്രളയത്തിന് കാരണമാകുമെന്നുമാണ് മുന്നറിയിപ്പ്.

ചൊവ്വാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയും തമിഴ്‌നാട്ടിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയും രേഖപ്പെടുത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പറയുന്നു. കേരളം, ആന്‍ഡമാന്‍, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി, കാരിക്കല്‍ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ തീവ്രമോ അതി തീവ്രമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കേരളത്തിലെ ഇത്തിക്കരയാറിലാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നതെന്ന് ജല കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്.

കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും ഏതാനും നദികളും കര കവിഞ്ഞ് ഒഴുകുകയാണെന്ന് ജലകമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇവിടെ വെള്ളപ്പൊക്ക മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

മഴയ്ക്ക് ഒപ്പം മിന്നിലിനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് നല്‍കുന്നുണ്ട്. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാല്‍ അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്കും കാറ്റിനും കാരണമാവുമെന്നാണ് വിലയിരുത്തല്‍.