കെപിസിസി ഭാരവാഹി പട്ടികയിൽ തർക്കം തുടരുന്നു; പ്രശ്ന പരിഹാരത്തിന് വീണ്ടും ചർച്ച

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയിലെ തർക്കം പരിഹരിക്കാൻ ഇന്ന് മുതൽ വീണ്ടും ചർച്ചകൾ നടക്കും. രണ്ട് മുൻ ഡിസിസി അധ്യക്ഷൻമാരെ ഉൾപ്പെടുത്താൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നാണ് കെ സി വേണുഗോപാൽ അടക്കമുള്ളവർ ആവശ്യപ്പെടുന്നത്. എന്നാൽ വനിതകൾക്ക് വേണ്ടി മാത്രമേ മാർഗ്ഗ നിർദേശങ്ങളിൽ ഇളവ് നൽകാവൂ എന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ.

എം പി വിൻസെൻ്റ്, രാജീവൻ മാസ്റ്റർ എന്നിവരെ പട്ടികയിലുൾപ്പെടുത്തുന്നതിലാണ് തർക്കം നിലനിൽക്കുന്നത്. ഇവർക്ക് വേണ്ടി മാത്രം ഇളവ് നൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ. തർക്കം പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ശ്രമം തുടരുകയാണ്. മുതിർന്ന നേതാക്കളെ കണ്ട് അനുനയിപ്പിക്കാനാണ് നീക്കം.

തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്ന് സുധീരനും, മുല്ലപ്പള്ളിക്കും, ഹസനും പരാതി ഉണ്ട്. ഭാരവാഹി പട്ടികയിൽ കെ ജയന്തിനെ ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി രാഹുൽഗാന്ധിക്ക് കേരളത്തിൽ നേതാക്കളിൽ ചിലർ പരാതി നൽകിയിട്ടുമുണ്ട്.

ബിഹാറിൽ ഉള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തിരികെ ഡെൽഹിയിലെത്തുമ്പോൾ പട്ടിക കൈമാറുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ അവകാശവാദം.