സ്ത്രീകൾ തമ്മിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്

കൊച്ചി : സ്ത്രീകൾ തമ്മിലുണ്ടായ കത്തിക്കുത്തിൽ യുവതിക്ക്‌ പരിക്കേറ്റു. കൈയ്ക്ക് കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാഞ്ഞാലി മാട്ടുപുറത്ത് പുഞ്ചയിൽ വാണിയക്കാട് സ്വദേശി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.

രണ്ടു സഹോദരൻമാരും ഭാര്യമാരുമടക്കം ഒരാഴ്ചമുമ്പാണ് ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. രണ്ടുദിവസം മുമ്പ് ഇവരോടൊപ്പം മറ്റൊരു യുവതിയും താമസിക്കാനെത്തി. ഈ യുവതിയുമായി വഴക്കിട്ട സ്ത്രീ കത്തിയെടുത്തു കുത്തുകയായിരുന്നു.

കുത്തേറ്റ യുവതിക്ക് കൈയ്ക്ക് ആഴത്തിൽ മുറിവുണ്ട്. യുവതിയെ പറവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ആലങ്ങാട് പോലീസെത്തി. യുവതിക്ക്‌ പരാതിയില്ലെന്നറിയിച്ചിരുന്നെങ്കിലും പോലീസ് കേസെടുത്തു.