പേരാവൂരിൽ സൊസൈറ്റിക്ക്മുന്നിൽ നിക്ഷേപകർ നിരാഹാരം തുടങ്ങി: നിക്ഷേപകരുടെ പണം വകമാറ്റിയെന്ന് അന്വേഷണ കമ്മീഷൻ

കണ്ണൂർ: പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റിക്ക്മുന്നിൽ നിക്ഷേപകർ നിരാഹാരം തുടങ്ങി. പണം നഷ്ടപ്പെട്ടവരാണ് ഇന്ന് മുതൽ അഞ്ച് ദിവസം റിലേ സത്യാഗ്രഹം നടത്തുന്നത്. ഇത് സൂചനയാണെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും നിക്ഷേപകർ മുന്നറിയിപ്പ് നൽകി.

സമരത്തിന് പിന്തുണയുമായി പേരാവൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ എത്തി. അതേസമയം കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്വേഗസ്ഥന് മുന്നിൽ സൊസൈറ്റി സെക്രട്ടറി പിവി ഹരികുമാർ ഹാജരായില്ല. രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു സഹകരണ വകുപ്പ് നോട്ടീസ് നൽകിയത്.

ഹരികുമാറിനെതിരെ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പ്രദോഷ് കുമാർ വ്യക്തമാക്കി. പണം ആരെങ്കിലും തട്ടിയെടുത്തതായി കണ്ടെത്തിയിട്ടില്ല. എന്നാൽ നിക്ഷേപമായി ചിട്ടി വഴി സ്വീകരിച്ച പണം ശമ്പളത്തിനും മറ്റുമായി വകമാറ്റി ചെലവഴിച്ചുവെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടറിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരം സഹകരണ വകുപ്പിനുണ്ട്. ചിട്ടി നടത്തിയത് വ്യവസ്ഥകൾക്ക് വിരുദ്ധമായാണ്. സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് ഈ മാസം 15 നുള്ളിൽ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം അറിയിച്ചു.