കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ; വീരമൃത്യു വരിച്ചവരിൽ കൊട്ടാരക്കര സ്വദേശി വൈശാഖും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരില്‍ മലയാളി ജവാനും. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് വീരമൃത്യു വരിച്ചത്. പൂഞ്ചിലെ സുരാങ്കോട്ട് മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്.

അതിര്‍ത്തിയില്‍ ഭീകരവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന തിരിച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലിനിടെ സൈനികര്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു.

നാല് തീവ്രവാദികളാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചതായാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രതിരോധ വക്താവ് നേരത്തെ അറിയിച്ചിരുന്നു.

ഏതാനും ദിവസം മുമ്പ് രാജ്യത്തേക്ക് നുഴഞ്ഞുകയറിയ അഞ്ച് ആയുധധാരികളായ ഭീകരരുമായി സുരാങ്കോട് മേഖലയില്‍ കനത്ത വെടിവെയ്പ്പ് നടക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചിരുന്നു. തീവ്രവാദികള്‍ രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടയ്ക്കുന്നതിനായി പ്രദേശത്ത് സൈനിക നീക്കം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളിലായി കശ്മീര്‍ താഴ് വരയില്‍ തീവ്രവാദികളുടെ ആക്രമണം വര്‍ദ്ധിച്ചു വരികയാണ്. പ്രദേശവാസികളെ ലക്ഷ്യം വച്ചുകൊണ്ടും ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ട് അധ്യാപകരെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.