ഉത്രാ കൊലപാതകം: കേസില്‍ വിധി തിങ്കളാഴ്ച; പരമാവധി ശിക്ഷ നൽകണമെന്ന് ഉത്രയുടെ മാതാപിതാക്കള്‍

കൊല്ലം: ഉത്രാ കൊലപാതക കേസില്‍ വിധി നാളെ. അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത്. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് കേസില്‍ വിധി പറയുക. ഉത്ര മരിച്ച്‌ ഒരു വര്‍ഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത്.

സ്ത്രീധനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും കാറും പണവും സ്വത്തുക്കളും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സൂരജ് ഭാര്യയായിരുന്ന ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയത്. കേസില്‍ റെക്കോര്‍ഡ് വേഗത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതും വിചാരണ പൂര്‍ത്തിയാക്കിയതും. ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസില്‍ നടത്തിയത്.

അതേസമയം പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്രയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. 2020 മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചലിലെ വീട്ടില്‍ കിടപ്പുമുറിയിലാണ് ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച ഉത്രക്ക് ഭര്‍തൃവീട്ടില്‍ വച്ച്‌ മാര്‍ച്ച്‌ രണ്ടിനും പാമ്പുകടിയേറ്റിരുന്നു. തുടര്‍ച്ചയായി രണ്ടുതവണ പാമ്പുകടിച്ചതിലും എസി മുറിക്കുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിലും സംശയം തോന്നിയതോടെ ഉത്രയുടെ കുടുംബം പരാതി നല്‍കി.

ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കല്‍ ചാവരുകാവ് സ്വദേശി സുരേഷില്‍ നിന്നാണ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയത്. സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സുരേഷ് മാപ്പു സാക്ഷിയാണ്.