ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി; മൂന്ന് യുവാക്കൾ പിടിയിൽ

സുൽത്താൻബത്തേരി: ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ മൂന്ന് യുവാക്കൾ പിടിയിൽ. സുൽത്താൻബത്തേരിയിലാണ് സംഭവം. സ്നേഹദാനം എന്ന ചാരിറ്റബിൾ സംഘടനയുടെ പ്രധാന ഭാരവാഹികളായ മലവയൽ തൊവരിമല കക്കത്ത് പറമ്പിൽ ഷംഷാദ് (24), ബത്തേരി റഹ്മത്ത്നഗർ മേനകത്ത് ഫസൽ മഹബൂബ് (ഫസൽ-23), അമ്പലവയൽ ചെമ്മങ്കോട് സൈഫു റഹ്മാൻ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ 38 കാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. ചികിത്സയും ചികിത്സക്കുള്ള പണവും സംഘടിപ്പിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ എറണാകുളത്തെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. ഹോട്ടലിൽ മുറിയെടുത്തായിരുന്നു അക്രമം.

കുടിക്കാൻ ജ്യൂസ് പോലയുള്ള ദ്രാവകം നൽകിയെന്നും മയക്കിയ ശേഷം പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നുമാണ് പരാതി.തെളിവെടുപ്പിന് ശേഷം പ്രതികളെ ബത്തേരി കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.