സമൂഹത്തിന് സത്യം കാണിച്ചു കൊടുക്കാൻ മാധ്യമങ്ങൾക്ക് കഴിയണം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം;എഡിറ്റേഴ്സ് ലൈവ് യൂട്യൂബ് ചാനലായി

ചങ്ങനാശ്ശേരി: ലോകത്ത് നടക്കുന്ന സംഭവങ്ങളെ ശരിയായി വിലയിരുത്തി സമൂഹത്തിന്റെ നന്മയും വളർച്ചയും ലക്ഷ്യമാക്കി അവ പകർന്നുനൽകാൻ മാധ്യമങ്ങൾക്ക് കഴിയണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു. എഡിറ്റേഴ്സ് ലൈവ് യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മാർ പെരുന്തോട്ടം.
സത്യം സമൂഹത്തിന് കാണിച്ചു കൊടുക്കാനും അത് മനസ്സിലാക്കാൻ സഹായിക്കുന്നതും ആവണം മാധ്യമങ്ങളുടെ യഥാർത്ഥ ധർമ്മം. ലോകത്തിൽ സംഭവിക്കുന്ന പരസ്പരവിരുദ്ധമായ കാര്യങ്ങളിൽ ശരിയേത്,തെറ്റേത് എന്ന് തിരിച്ചറിയാനാവാതെ മനുഷ്യൻ ഉഴലുകയാണ്.നാം എങ്ങോട്ടാണ് നീങ്ങുന്നതെന്ന് ആർക്കും അറിയാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പലപ്പോഴും ആശ്ചര്യം ഉളവാക്കുന്ന സ്ഥിതിവിശേഷങ്ങളിലൂടെ ആണ് ലോകം അനുദിനം കടന്നുപോകുന്നത്.
     
നല്ല ചിന്തകളിലേക്ക്, ആദർശങ്ങളിലേക്ക്, സമാധാനത്തിലേക്ക് ലോകത്തെയും മനുഷ്യനെയും നയിക്കാൻ ഉതകുന്നതാകണം മാധ്യമങ്ങൾ. പക്ഷേ പലപ്പോഴും അങ്ങനെ സംഭവിക്കുന്നില്ല. സ്വാർത്ഥപരമായ താല്പര്യങ്ങളുടെ പിന്നാലെ പരക്കം പായുമ്പോൾ സത്യവും നീതിയും ചവിട്ടി മെതിയ്ക്കപ്പെടുന്നു.
  

സങ്കീർണ്ണമായ ലോകത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ള മാധ്യമങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ട്. കാലമെത്രകഴിഞ്ഞാലും ലോകം അതിന്റെ പ്രാധാന്യം തിരിച്ചറിയുക തന്നെ ചെയ്യും എന്ന് മാർ ജോസഫ് പെരുന്തോട്ടം ഓർമിപ്പിച്ചു.
   

ഡോ. രേഖാ മാത്യൂസ് അധ്യക്ഷത വഹിച്ചു. ജെ.കുര്യാക്കോസ്, ഡോ. പി സി അനിയൻ കുഞ്ഞ് , ഡോ.ഡൊമിനിക് ജോസഫ്,ആന്റണി തോമസ് മലയിൽ, ടോമിച്ചൻ മേപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.