പാലക്കാട്: കഞ്ചാവ് വേട്ടയ്ക്കായി ഇറങ്ങി മലമ്പുഴ വനത്തിനുളളില്‍ കുടുങ്ങിപ്പോയ പൊലീസ് സംഘത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. വനംവകുപ്പിനെ അറിയിക്കാതെ കാടുകയറിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പൊലീസ് സംഘമാണ് വനത്തില്‍ കുടുങ്ങിയത്. അതേസമയം ഇവര്‍ സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാത്രി കാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രയാസമാകുമെന്നതിനാല്‍ ശനിയാഴ്ച അതിരാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ചിറക്കനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. രാവിലെ പുതുശ്ശേരി നോര്‍ത്ത് സെക്ഷന്‍ ഫോറസ്റ്ററുടെ നേതൃത്വത്തില്‍ ഒരു സംഘം കാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊട്ടേക്കാട് ഫോറസ്റ്ററുടെ നേതൃത്വത്തില്‍ താഴെ ബേസ് ക്യാമ്പും സജ്ജമാക്കുമെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ മലമ്പുഴ ആനക്കല്ല് ചാക്കോളാസ് എസ്റ്റേറ്റ് വഴിയാണ് പൊലീസ് സംഘം വനത്തില്‍ കയറിയത്.
മലമ്പുഴ വനത്തിനുള്ളില്‍ കഞ്ചാവ് തോട്ടമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘം കാട് കയറിയത്. നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി. സിഡി ശ്രീനിവാസന്, മലമ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ സുനില്കൃഷ്ണന്, വാളയാര്‍ സബ് ഇന്‍സ്പെക്ടര്‍ രാജേഷ്, ലഹരിവിരുദ്ധ സ്ക്വാഡിലെ എസ് ഐ. ജലീല്‍, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിലെ നാലുപേരും തണ്ടര്‍ബോള്‍ട്ട് സേനയിലെ നാലുപേരും ഉള്‍പ്പെടെ 14 പേരാണ് സംഘത്തിലുള്ളത്.
വാളയാര്‍ വനമേഖലയില്‍ 8 കിലോമീറ്റര്‍ ഉള്‍വനത്തിലേക്ക് പോയ ഇവര്‍ക്ക് വെകിട്ടോടെ വഴിതെറ്റിയതോടെ വനംവകുപ്പിനെ ബന്ധപ്പെടുകയായിരുന്നു. അപ്പോള്‍ മാത്രമാണ് പൊലീസ് കാടുകയറിയത് വനംവകുപ്പ് അറിഞ്ഞത്. തിരിച്ചിറങ്ങാന്‍ കഴിയാതെ വഴിതെറ്റിയ സംഘം രാത്രിയോടെ ഒരു പാറപ്പുറത്ത് സുരക്ഷിതരായി എത്തുകയായിരുന്നു. കനത്ത മഴയും ഇവര്‍ക്ക് തിരികെ ഇറങ്ങാന്‍ തടസ്സമായി എന്നാണ് റി്പ്പോര്‍ട്ട്. സംഘത്തെ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസും അറിയിച്ചു.