കെ. സുധാകരന്‍ തന്റെയടുത്ത് വന്നത് ചികിത്സയ്ക്കെന്ന് മോന്‍സണ്‍ മാവുങ്കല്‍

കൊച്ചി: കെ പി സി സി പ്രസിഡൻറ് കെ. സുധാകരന്‍ തന്റെയടുത്ത് വന്നത് ചികിത്സയ്ക്കാണെന്ന് മോന്‍സണ്‍ മാവുങ്കല്‍. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെയാണ് മോന്‍സണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സുധാകരന്‍ തന്റെ വീട്ടില്‍ താമസിച്ചിട്ടില്ല, ആറ് ദിവസം വീട്ടില്‍ വന്ന് പോവുകയായിരുന്നുവെന്നും മോന്‍സണ്‍ പറഞ്ഞു. മോന്‍സന്റെ അടുത്തുപോയത് ചികിത്സയ്ക്കാണെന്ന് നേരത്തെ കെ. സുധാകരനും പറഞ്ഞിരുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ രണ്ട് കേസുകളില്‍ ക്രൈം ബ്രാഞ്ചിന്‍റെ വിശദമായ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്തുള്ള കേസുകളിലാണ് ഇനി ചോദ്യംചെയ്യല്‍ ബാക്കിയുള്ളത്.

ഇതിനിടെ പത്ത് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യഹര്‍ജിയില്‍ എറണാകുളം എസിജെഎം കോടതി ഇന്ന് വിധി പറയും.