നിര്‍ദ്ദേശങ്ങള്‍ പൊലീസ് അവഗണിക്കുന്നു ; വനിതാ കമ്മീഷന്റെ അധികാര പരിധി വര്‍ദ്ധിപ്പിക്കണം: പി സതീദേവി

കോഴിക്കോട്: പൊലീസിനെതിരെ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നല്‍കുന്ന നിര്‍ദേശങ്ങള്‍ പൊലീസ് അവഗണിക്കുകയാണെന്ന് സതീദേവി ആരോപിച്ചു. നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്റെ അധികാരപരിധി വര്‍ദ്ധിപ്പിക്കണം. ഇതിനായി നിയമ ഭേദഗതി അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് വനിതാ കമ്മീഷന് കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്. പരാതികള്‍ ഏറ്റവും കുറഞ്ഞ തോതിലുള്ളത് വയനാട്ടില്‍ നിന്നാണ്. സംസ്ഥാനത്ത് സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നം രൂക്ഷമാണ്. തെക്കന്‍ കേരളത്തില്‍ മാത്രമല്ല വടക്കന്‍ കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നും സതീദേവി പറഞ്ഞു. പ്രണയംപോലും പുരുഷ മേധാവിത്വ അക്രമോത്സുകമായി മാറുകയാണ്. സമീപകാലത്തെ ചില സംഭവങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്ത്രീവിരുദ്ധത യുവാക്കളില്‍ അക്രമണോത്സുകമായി മാറുകയാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

സംസ്ഥാനത്ത് സ്ത്രീവിരുദ്ധ ചിന്താഗതി വളരുകയാണ്. മാധ്യമ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പ്രശ്‌ന പരിഹാരസെല്‍ കൂടുതല്‍ കാര്യക്ഷമമാക്കും. മാധ്യമങ്ങള്‍ക്ക് സ്ത്രീപക്ഷ ചിന്താഗതിയും സമത്വവും സ്ത്രീ സൗഹൃദ അന്തരീക്ഷവും ഉറപ്പുവരുത്തുന്ന മാര്‍ഗരേഖയുടെ കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റ ശേഷം കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.