പട്ടികയില്‍ ഏഴായിരം കൊറോണ മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തും; അര്‍ഹതപ്പെട്ടവർക്കെല്ലാം നഷ്ടപരിഹാരം നല്‍കും: വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: രേഖകള്‍ ഇല്ലാത്തതിനാല്‍ പട്ടികയില്‍ നിന്ന് ചില കൊറോണ മരണങ്ങള്‍ ഒഴിവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട ഏഴായിരത്തോളം കൊറോണ മരണങ്ങള്‍ കണ്ടെത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും കൊറോണ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബര്‍ പത്ത് മുതല്‍ കൊറോണ മരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിന് വീണ്ടും അപേക്ഷ നല്‍കാം. അതിന് മുന്‍പ് ഈ ഏഴായിരത്തോളം പേരുടെ പട്ടിക കൂടി പ്രസിദ്ധീകരിക്കും. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പരാതി നല്‍കാന്‍ സൗകര്യം ഒരുക്കും. ഇവര്‍ക്ക് ജില്ലാ തല സമിതിയെ സമീപിക്കാവുന്നതാണെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജൂണ്‍ മാസം മുതലാണ് കൊറോണ മരണങ്ങള്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുന്‍പ് രേഖകളുടെ അഭാവം മൂലം ചില മരണങ്ങള്‍ ഒഴിവായിട്ടുണ്ട്. ഇത്തരത്തില്‍ രേഖകളില്ലാത്തതിനാല്‍ ഒഴിവാക്കപ്പെട്ട ഏഴായിരത്തോളം കൊറോണ മരണങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. സര്‍ക്കാരിന്റെ പരിശോധനയില്‍ കണ്ടെത്തിയതാണ് ഇവ.

മെഡിക്കല്‍ ബുള്ളറ്റിന്‍, ആര്‍ടിപിസിആര്‍ പരിശോധന റിപ്പോര്‍ട്ട് തുടങ്ങിയ വിവിധ രേഖകളുടെ അഭാവം മൂലമാകാം ഇവരുടെ പേരുകള്‍ അന്ന് പട്ടികയില്‍ ഇടം പിടിക്കാതെ പോയത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വരും ദിവസങ്ങളില്‍ തന്നെ പട്ടിക പ്രസിദ്ധീകരിക്കും. ഇത് പരിശോധിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് പേരില്ലെങ്കില്‍ പരാതി നല്‍കാന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.