കെ ബാബുവിൻ്റെ അഭിപ്രായപ്രകടനം ക്രിസ്‌തുമത വിശ്വാസികൾക്ക് അതീവ വേദനയുളവാക്കി; ഇത്തരം പ്രവണതകൾക്കെതിരേ പ്രതികരിക്കുമെന്ന് എക്ളേഷ്യ യുണൈറ്റഡ് ഫോറം

കൊച്ചി: കെ ബാബു എം എൽഎയുടെ നിയമസഭയിലെ അഭിപ്രായപ്രകടനം ക്രിസ്‌തുമത വിശ്വാസികൾക്ക് അതീവ വേദനയുളവാക്കിയെന്ന് എക്ളേഷ്യ യുണൈറ്റഡ് ഫോറം ചെയർമാൻ
ഫാ. ജോൺസൺ തേക്കടയിൽ അഭിപ്രായപ്പെട്ടു. ക്രിസ്‌തു മതത്തെയും ക്രൈസ്തവ നേതൃത്വത്തെയും ഇകഴ്ത്തി കാണുന്ന ഈ പ്രവണതക്കെതിരെ ക്രിസ്‌തു മതവിശ്വാസികൾ ഗൗരവപൂർവ്വം പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

“കള്ളിൽ ആകെ മായം ആണെന്നും യേശു ക്രിസ്‌തു കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയത് പോലെയാണ് കേരളത്തിലെ കള്ളു നിർമ്മാണമെന്നും” നിയമസഭയിൽ നടന്ന ചർച്ചയിൽ,മുൻ മന്ത്രി കെ. ബാബു, പറഞ്ഞതായുള്ള വാർത്ത ക്രിസ്‌തുമത വിശ്വാസികൾക്ക് അതീവ വേദനയുളവാക്കി.

യേശുക്രിസ്തു തന്റെ മഹത്വം വെളിവാക്കുന്നതിനായി ആദ്യമായി നടത്തിയ അത്ഭുത പ്രവർത്തിയെ കള്ളിൽ മായം ചേർക്കുന്ന കള്ളത്തരത്തോട് കെ ബാബു ഉപമിച്ചത് എന്തെങ്കിലും നിഗൂഢ ലക്ഷ്യത്തോടെയാണെന്ന് ഫോറം കരുതുന്നില്ല. എന്നാൽ രണ്ടു പ്രവർത്തികളും തമ്മിൽ ബന്ധിപ്പിച്ചു പറഞ്ഞത് ഒഴിവാക്കേണ്ടിയിരുന്നു.

നിയമസഭയിലെ മറ്റു അംഗങ്ങൾ കെ ബാബുവിന്റെ പ്രസ്താവന ശരിയായില്ലെന്നു സൂചിപ്പിച്ചിട്ടും, താൻ തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ല എന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നതു ക്രിസ്‌തുമത വിശ്വാസികളുടെ സഹിഷ്ണുത അതു ഉൾക്കൊള്ളുമെന്നു ധരിക്കുന്നത് കൊണ്ടാവാമെന്നും ജോൺസൺ തേക്കടയിൽ പ്രസ്താവനയിൽ പറഞ്ഞു.