തിരുവല്ല: മഹാപ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തിയ സംഭവത്തില്‍ തുടര്‍ നടപടിക്ക് വിജിലന്‍സ് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജീവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ദുരിതാശ്വാസ ഫണ്ട്, ദുരിതാശ്വാസക്യാമ്പുകളിലുണ്ടായിരുന്നവര്ക്ക് വേണ്ടി ആരംഭിച്ച കമ്യൂണിറ്റി കിച്ചന് നടത്തിപ്പ് ഫണ്ടുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം.
പ്രദേശത്തെ സന്നദ്ധ സംഘടനകളില്‍ നിന്നും കുടുംബശ്രീ യൂനിറ്റുകളില്‍ നിന്നും പ്രവാസി മലയാളികളില്‍ നിന്നും കൈപ്പറ്റിയ തുക ലക്ഷക്കണക്കിന് രൂപയിൽ തിരിമറി നടത്തിയെന്നാരോപിച്ചാണ് ജില്ല വിജിലന്‍സ് ആസ്ഥാനത്ത് പരാതി ലഭിച്ചത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന വിജിലന്‍സ് ആസ്ഥാനത്തേക്ക് കൈമാറിയിരുന്നു.
തുടര്‍ന്ന് നിരണം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടത്തിയ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിെന്റയും മിന്നല്‍ പരിശോധനയുടെയും അടിസ്ഥാനത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും അന്വേഷണ ഉദ്യോഗസ്ഥന് വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വകുപ്പിന്റെ അഡീഷനല്‍ സെക്രട്ടറി തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.