കൊച്ചി: നഗരപരിധിയില്‍ ഉയര്‍ന്ന അളവിലുള്ള ലഹരിവേട്ട പതിവായതോടെ പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയില്‍ അതീവ ജാഗ്രത വേണമെന്ന് കൊച്ചി സിറ്റി പൊലീസ്. ലഹരി പിടികൂടുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തു വിടരുതെന്ന കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍.
തുടര്‍ച്ചയായി നടക്കുന്ന ലഹരിവേട്ടകളില്‍ പിടിയിലാകുന്നത് ഏറെയും ലഹരി വില്പനയുടെ താഴെക്കണ്ണിയില്‍ ഉള്ളവരാണ്. പിടിയിലാകുന്നവര്‍ക്കു പിന്നില്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ശക്തമായ കണ്ണി പുറത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു കരുതുന്നത്.
ഏതെങ്കിലും ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിയാനുള്ള സാധ്യത മുന്നില്‍ കണ്ടാണു നടപടിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരി പിടികൂടല്‍ സംബന്ധിച്ച ഔദ്യോഗിക വാര്‍ത്തകളിലൂടെ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വരുന്നതിനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. ഡിസിപിയുടെ ഓഫിസ് കേന്ദ്രീകൃതമായി മാത്രം വാര്‍ത്തകള്‍ നല്കിയാല് മതിയെന്നാണു നിര്‍ദേശം.
എസിപി, എസ്എച്ച്ഒ, സബ് ഇന്‍സ്പെക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്കു വാര്‍ത്ത നല്‍കുന്നതിനും വിലക്കുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍, വിവരങ്ങള്‍ കേന്ദ്രീകൃതമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വഴി നല്കിയാല് മതിയെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍തന്നെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടു.