തിരുവനന്തപുരം: ഇഡ്ഡലി തട്ടില്‍ വിരല്‍ കുടുങ്ങിയ രണ്ട് വയസുകാരനെ രക്ഷിക്കാന്‍ ഒടുവില്‍ ഫയര്‍ഫോഴ്സ് തന്നെ എത്തി. നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷനു സമീപം തിരുവാതിരയില്‍ അരവിന്ദന്റെ മകന് ഗൗതം നാരായണന്റെ വലത് കൈയുടെ ചൂണ്ടു വിരലിലാണ് കളിക്കുന്നതിനിടെ ഇഡ്ഡലി തട്ട് കുടുങ്ങിയത്.
എണ്ണ, സോപ്പ് തുടങ്ങി പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടും രക്ഷയില്ലാതെ വന്നപ്പോഴാണ് രാത്രി പതിനൊന്നരയോടെ ഫയര്‍ ഫോഴ്സിന്റെ സഹായം തേടിയത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് സംഘം എത്തി.
ജീവനക്കാര്‍ ഒരു മണിക്കൂറോളം പണിപ്പെട്ടാണ് ഇഡ്ഡലിത്തട്ട് വിരലില്‍ നിന്ന് നീക്കം ചെയ്തത്. രണ്ട് വയസുകാരന് പലപ്പോഴും കരച്ചിലിന്റെ വക്കോളം എത്തിയെങ്കിലും ഫയര്‍ ഫോഴ്സ് ജീവനക്കാരുടെ ലാളനയ്ക്കു മുന്നില്‍ ശ്രദ്ധ മാറി. സീനിയര്‍ ഫയര്‍ ഓഫീസര്‍ വിനു ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.