കൊല്ലം: മൊബൈല്‍ ഫോണ്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ മുതിര്‍ന്ന പൗരനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമം. വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്ത് പരാതിക്കാരന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നമ്പരിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു. വ്യോമസേന മുന്‍ ഉദ്യോഗസ്ഥനും അഭിഭാഷകനുമായ ശൂരനാട് തെക്കേഭാഗത്ത് വീട്ടില്‍ ജോര്‍ജ് വര്‍ഗീസ് (70) ആണ് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
കെവൈസി സംബന്ധിച്ച പ്രശ്നം മൂലം അക്കൗണ്ട് ബ്ലോക്കായി എന്ന് പറഞ്ഞ് ഫോണ്‍ കോളുകള്‍ എത്തി. ബാങ്ക് അക്കൗണ്ട് നമ്പര്‍ പറയാന്‍ പറഞ്ഞപ്പോള്‍ പാസ്ബുക്കുമായി തന്റെ ഒരു സ്റ്റാഫിനെ ബാങ്ക് ശാഖയിലേക്കു വിടാമെന്നു തോമസ് പറഞ്ഞു. വിളിക്കുന്നയാള്‍ക്ക് അതു സമ്മതമായിരുന്നില്ല. സംസാരിക്കുന്നത് ഇംഗ്ലിഷ് ആണെങ്കിലും ഉത്തരേന്ത്യന്‍ ഗ്രാമീണശൈലി തിരിച്ചറിഞ്ഞു. സുഹൃത്തുക്കള്‍ നടത്തുന്ന അനാഥാലയത്തിന്റെ ചെലവുകള്‍ക്കു വേണ്ടിയുള്ള അക്കൗണ്ടില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമമുണ്ടായത്.
ഫോണ്‍ വച്ച് ഏതാനും മിനിറ്റുകള്‍ക്കു ശേഷം, സുഹൃത്തുക്കുള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ജോര്‍ജ് വര്‍ഗീസിന്റെ ഫോണ്‍ നമ്പറില്‍ നിന്ന് വാട്ട്സാപ്പില്‍ അശ്ലീല ചിത്രങ്ങള്‍ വന്നു തുടങ്ങി. പലരും തെറ്റിദ്ധരിച്ച് പല ഗ്രൂപ്പുകളില്‍ നിന്നും ജോര്‍ജ് വര്‍ഗീസിനെ പുറത്താക്കുകയും ചെയ്തു. അഭിഭാഷകരുടെ ഗ്രൂപ്പിലും ഫാമിലി ഗ്രൂപ്പിലും സന്ദേശങ്ങള്‍ എത്തി. സുഹൃത്തുക്കളില്‍ ചിലര്‍ വിളിച്ച് അവരുടെ ഫോണില്‍ അശ്ലീലചിത്രങ്ങള്‍ വന്നതായി പറയുമ്പോഴാണ് വിവരം അറിയുന്നത്. തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.