തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് അപ്രതീക്ഷിതമായി സുരേഷ് ഗോപി എത്തുമോയെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിന് ഒഴിഞ്ഞു. കെ.സുരേന്ദ്രൻ തന്നെ സംസ്ഥാന പ്രസിഡന്റ് ആയി തുടരട്ടെന്നുള്ള കേന്ദ്ര തീരുമാനം വന്നത് ഔദ്യോഗിക പക്ഷത്തിനും വലിയ ആശ്വാസവും ആവേശവുമായി. ഇതോടെ സുരേന്ദ്രനുമായി ഉടക്കി നിൽക്കുന്നവരാണ് കൂടുതൽ വിഷമത്തിലായത്.
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയും തുടർന്ന് കുഴൽപണം, തെരഞ്ഞെടുപ്പ് കോഴ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളും സുരേന്ദ്രന്റെ കസേര തെറുപ്പിക്കുമെന്നായിരുന്നു ഇടഞ്ഞു നിൽക്കുന്നവരുടെ പ്രതീക്ഷ. ചോദ്യം ചെയ്യലിനായി അന്വേഷണ ഏജൻസികൾക്കു മുന്നിലേക്കു പലവട്ടം സുരേന്ദ്രൻ വിളിക്കപ്പെട്ടതും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു എന്നു എതിർപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വിവാദങ്ങൾക്കു നടുവിൽ നിൽക്കുന്പോഴും സുരേന്ദ്രന്റെ നേതൃത്വം തുടരട്ടെ എന്ന തീരുമാനമാണ് വന്നിരിക്കുന്നത്.
ആർഎസ്എസിന്റെ പിന്തുണയാണ് സുരേന്ദ്രനു തുണയായി മാറിയതെന്നാണ് സൂചന. തൽക്കാലം കേന്ദ്രനേതൃത്വം സുരേന്ദ്രനൊപ്പം നിന്നെങ്കിലും അതു പൂർണ തൃപ്തിയോടെയല്ല എന്ന വിലയിരുത്തലിലാണ് പാർട്ടിയിലെ എതിർപക്ഷം. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു പറഞ്ഞുകേട്ടിരുന്ന സുരേഷ് ഗോപി സ്വയം പിന്മാറിയതും ഇപ്പോഴത്തെ സവിശേഷ സാഹചര്യവുമാണ് സുരേന്ദ്രനെ തുടരാൻ അനുവദിച്ചതെന്നാണ് അവർ കരുതുന്നത്. അതുകൊണ്ടു തന്നെ സുരേന്ദ്രന്റെ മുന്നോട്ടുള്ള നീക്കം അത്ര സുഗമമാകാനിടയില്ല.
സംസ്ഥാനത്ത് പാർട്ടി ആകെ പ്രതിസന്ധിയിൽനിൽക്കുന്ന സമയത്തു സുരേന്ദ്രനെക്കൂടി മാറ്റുന്നതു കൂടുതൽ ക്ഷീണമാകുമെന്ന വിലയിരുത്തലിലാണ് സുരേന്ദ്രനടക്കം നിലവിലെ ഭാരവാഹികൾ എല്ലാവരും തന്നെ തുടരട്ടെയെന്ന തീരുമാനത്തിലേക്കു കേന്ദ്ര നേതൃത്വത്തെ എത്തിച്ചതെന്നാണ് കരുതുന്നത്. നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടതുപോലെ പുനഃസംഘടനയിൽ അഞ്ചു ജില്ലാ പ്രസിഡന്റ്മാർ തെറിച്ചു. അവർക്കു തത്കാലം മറ്റു പദവികൾ നല്കിയിട്ടുമില്ല.
സുരേഷ്ഗോപി സംസ്ഥാന പ്രസിഡന്റ് ആയി തലയ്ക്കു മുകളിലൂടെ എത്തുമോയെന്ന ആശങ്കയാണ് കുറെ ആഴ്ചകളായി സംസ്ഥാന നേതൃത്വത്തെ അലട്ടിയിരുന്നത്. ഇതിനിടെ, സുരേഷ് ഗോപിയെ കേന്ദ്രം നേതൃത്വം വിളിപ്പിച്ചതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
സംസ്ഥാനത്തെ നേതാക്കളെ വിശ്വാസത്തിലെടുക്കാതെയും അറിയിക്കാതെയുമുള്ള തീരുമാനങ്ങൾ നേരത്തെയും കേന്ദ്രനേതൃത്വത്തിൽനിന്നു പലവട്ടം വന്നിട്ടുള്ളതിനാൽ സുരേഷ് ഗോപിയുടെ ഡൽഹി യാത്രയേയും തെല്ല് ആശങ്കയോടെയാണ് സംസ്ഥാന നേതാക്കൾ കണ്ടത്.
സുരേഷ് ഗോപി ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി നിയമിതനാകാൻ സാധ്യതയുണ്ടെന്നുള്ള വാർത്തകൾ കുറെ ആഴ്ചകളായി അന്തരീക്ഷത്തിലുണ്ടായിരുന്നു. എന്നാൽ, അങ്ങനെയൊരു ആലോചനയില്ലെന്നു പറഞ്ഞു സംസ്ഥാന നേതൃത്വം മുൻകൂട്ടി തള്ളിയിരുന്നു.
സംസ്ഥാന നേതൃത്വവുമായി അത്ര അടുപ്പമില്ലാതെയായിരുന്നു കുറെക്കാലമായി സുരേഷ് ഗോപിയുടെ പ്രവർത്തനം. അദ്ദേഹത്തിന്റെ ഒറ്റയാൻ പോക്കിൽ കേരള നേതാക്കളിൽ പലരും അസ്വസ്ഥരുമായിരുന്നു. എന്നാൽ, കേന്ദ്രനേതൃത്വത്തിന്റെ കൃത്യമായ പിന്തുണയോടെയാണ് അദ്ദേഹം പല നീക്കങ്ങളും നടത്തുന്നതെന്നാണ് പുറത്തുവന്നിരുന്ന സൂചനകൾ.
നാർക്കോട്ടിക് ജിഹാദ് വിഷയം ഉയർന്നു വന്നപ്പോൾ പാലാ ബിഷപ്പിനെ സുരേഷ് ഗോപി എത്തി സന്ദർശിച്ചതു വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. സംസ്ഥാനനേതാക്കൾ അറിയാതെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. നാർകോട്ടിക് ജിഹാദ് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം സഭാധ്യക്ഷൻമാരുടെ യോഗം വിളിക്കുമെന്നും സുരേഷ്ഗോപി എംപി പറഞ്ഞിരുന്നു.
അതേസമയം, പാര്ട്ടി പ്രവര്ത്തകനായി തുടരാനാണ് താത്പര്യമെന്നാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു. താൻ ബിജെപി അധ്യക്ഷസ്ഥാനത്തേക്കു വരുന്നതിൽ സംസ്ഥാന നേതാക്കൾ ഒട്ടും താത്പര്യമില്ലെന്നു തിരിച്ചറിഞ്ഞു സുരേഷ് ഗോപി സ്വയം തന്നെ പിന്മാറിയതാണെന്നും സൂചനയുണ്ട്.
ഇതിനിടെ, അടുത്ത കാലത്തു ബിജെപിയിലേക്കു വന്ന പല പ്രമുഖരും സംസ്ഥാന നേതൃത്വത്തിൽനിന്നു വേണ്ട പിന്തുണയോ സഹകരണമോ കിട്ടുന്നില്ലെന്ന അതൃപ്തിയിലാണെന്നതാണ് ബിജെപിയെ അലട്ടുന്ന മറ്റൊരു പ്രശ്നം. മെട്രോമാൻ ഇ. ശ്രീധരൻ, മുൻ ഡിജിപി ജേക്കബ് തോമസ്, ടി.പി. സെൻകുമാർ തുടങ്ങിയവരൊക്കെ അതൃപ്തിയിലാണ് .