ബൈക്ക് യാത്രികരായ വിദ്യാർഥികൾ കാറിടിച്ചു മരിച്ച സംഭവം; കാർ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി

കൊല്ലം: ബൈക്ക് യാത്രികരായ രണ്ട് എൻജിനീയറിങ് വിദ്യാർഥികൾ കാറിടിച്ചു മരിക്കാനിടയായ അപകടത്തിലെ കാർ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് താത്‌കാലികമായി റദ്ദാക്കി. തലവൂർ മഞ്ഞക്കാല ലക്ഷ്മിനിവാസിൽ ലാൽകുമാറിന്റെ ലൈസൻസാണ് സസ്പെൻഡ്‌ ചെയ്തത്. ഒരുവർഷത്തേക്കാണ് അയോഗ്യയതെന്ന് പത്തനാപുരം ജോയിന്റ് ആർ.ടി.ഒ. ഷീബ രാജൻ പറഞ്ഞു.

കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് ചേത്തടിക്കുസമീപത്താണ് ബൈക്ക് യാത്രികരായ രണ്ട് എൻജിനീയറിങ് വിദ്യാർഥികൾ മരിക്കാനിടയായ അപകടമുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റ് 12-ന് രാത്രി ഒൻപതരയ്ക്കായിരുന്നു സംഭവം. കുണ്ടറ കേരളപുരം മണ്ഡപം ജങ്‌ഷനുസമീപം വസന്തനിലയത്തിൽ വിജയന്റെ മകൻ ബി.എൻ.ഗോവിന്ദ് (20), സഹപാഠി കണ്ണൂർ പയ്യന്നൂർ പടോളിവയൽ ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

തിരുവനന്തപുരത്തെ എൻസിനീയറിങ് കോളേജ് വിദ്യാർഥികളടങ്ങുന്ന സംഘം അഞ്ചുബൈക്കുകളിലായി തെന്മലയിലെത്തി വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ബൈക്കിൽ അമിതവേഗത്തിൽ എതിരേയെത്തിയ കാർ ഇടിക്കുകയായിരുന്നു. യുവാവ് അപകടം നടന്നയുടനും പെൺകുട്ടി അടുത്തദിവസം പുലർച്ചെയും മരിച്ചു. അപകടമുണ്ടാക്കിയ കാറിലെ ഡ്രൈവറും സഹയാത്രികനും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് കണ്ടെത്തുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വിശദമായ അന്വേഷണത്തിന് പിന്നാലെയാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി. അപകടത്തിന് രണ്ടുമാസംമുൻപുമാത്രം നാലുചക്ര വാഹനത്തിന്റെ ഡ്രൈവിങ് ടെസ്റ്റ് പാസായ ഡ്രൈവറുടെ ലൈസൻസ് മോട്ടോർവാഹന വകുപ്പ് കൈമാറിയിരുന്നില്ല.