മോൻസൻ മാവുങ്കലിന്റ തട്ടിപ്പ്;പത്ത് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു

കൊച്ചി: മോൻസൻ മാവുങ്കലിന്റ പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം വിപുലീകരിച്ചു. പത്ത് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉള്‍പ്പെടുത്തിയതായാണ് ഡിജിപിയുടെ ഉത്തരവ്. കൊച്ചി സൈബര്‍ സ്റ്റേഷന്‍ എസ്എച്ച് ഓയും സംഘത്തിലുണ്ട്. മോന്‍സന്‍റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും സമൂഹമാധ്യമങ്ങളിലെ പ്രചാരണവും അന്വേഷണസംഘം വിശദമായി പരിശോധിക്കും.

മോൻസൻ തട്ടിപ്പിന് പ്രധാനമായും ഉപയോഗപ്പെടുത്തിയത് കലിംഗ കല്യാണ്‍ ഫൗണ്ടേഷന്‍ ആണെന്ന് പൊലീസ് പറയുന്നു. ഇത് കടലാസ് സംഘടന മാത്രമെന്നാണ് പൊലീസിന്റെ നിഗമനം. കലിംഗയിലെ പാര്‍ട്ണറായ ബം​ഗളൂരു മലയാളിയിൽ നിന്നും മോൻസൻ രണ്ട് കോടി രൂപ തട്ടിയെടുത്തിരുന്നു. പുരാവസ്തു തട്ടിപ്പ് അടക്കം ആകെ 5 കേസുകളാണ് മോൻസനെതിരെ ഇതുവരെ എടുത്തിട്ടുള്ളത്.

അതേസമയം, വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കൽ നൽകിയ ജാമ്യ ഹർജി എറണാകുളം അഡീഷണഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മധ്യപ്രദേശ് സർക്കാറിന്‍റെ ഉടമസ്ഥതയിൽ ഉള്ള ബീനാച്ചി എസ്റ്റേറ്റിൽ 500 ഏക്കർ ഭൂമി പാട്ടത്തിന് ലഭ്യമാക്കാമെന്ന് വാഗ്ദാനം നടത്തി പാല മീനച്ചിൽ സ്വദേശി രാജീവ് ശ്രീധരിൽ നിന്ന് ഒരു കോടി 62 ലക്ഷം തട്ടിയെന്ന കേസിലാണ് മോൻസനെ ക്രൈംബ്രാ‌ഞ്ച് അറസ്റ്റ് ചെയ്തത്.

മോൻസൻ ഭൂമി ഇടപാടിനായി തന്‍റെ ജീവനക്കാരായ 4 പേരുടെ അക്കൗണ്ടിലൂടെയാണ് പണം വാങ്ങിയതെന്നും ഭൂമി ഇടപാടിലെ ബിനാമി ഇടപാടുകൾ അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ നാളെ വൈകിട്ട് 4 മണിവരെ ചോദ്യം ചെയ്യലിനായി മോൻസനെ കോടതി ക്രൈംബ്രാ‌ഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു.