കലൂരിൽ ഓടയുടെ പണിക്കിടെ മതിലിടിഞ്ഞുവീണ് രണ്ടുപേർ കുടുങ്ങി; ഒരാളെ രക്ഷപ്പെടുത്തി

കൊച്ചി: കലൂരിൽ ഓടയുടെ പണിക്കിടെ മതിലിടിഞ്ഞുവീണ് രണ്ടുപേർ കുടുങ്ങി. ഉച്ചയ്ക്ക് 2.45 ഓടെ ഇതിൽ ഒരാളെ പുറത്തെടുത്തു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്തെത്തി ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് മതിലിന്റെ ഭാഗം മുറിച്ച് നീക്കി പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. കോൺക്രീറ്റ് പാളികൾക്കിടയിൽ കാൽ കുടുങ്ങിയ നിലയിലാണ് രണ്ടു തൊഴിലാളികളും.

കോൺക്രീറ്റ് മുഴുവനായും മുറിച്ചുമാറ്റാതെ ഇവർക്ക് കാൽ അനക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. വലിയ പാളിയായതിനാൽ മുറിച്ചുമാറ്റാൻ രക്ഷാപ്രവർത്തകർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അര മണിക്കൂറിലേറെയായി ഇവർ വേദന സഹിച്ച് കുടുങ്ങിക്കിടക്കുകയാണ്.

ഇവരെ പുറത്തെടുത്താൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസ് അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ തയ്യാറാണ്.